കൊച്ചി : യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കെ.പി. പ്രകാശ് ബാബുവിന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിന് ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്നാരോപിച്ചെടുത്ത കേസിലാണ് ജാമ്യം.
കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതു കണക്കിലെടുത്താണ് ജാമ്യമനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. ഏപ്രില്‍ 23 ന് തെരഞ്ഞെടുപ്പിനു ശേഷം നാലു മാസം രണ്ടും നാലും ശനിയാഴ്ചകളില്‍ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. കോടതിയുടെ നിര്‍ദേശമില്ലാതെ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം, വിദേശയാത്ര പാടില്ല, തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത് എന്നിവയാണ് മറ്റു ജാമ്യ വ്യവസ്ഥകള്‍. കഴിഞ്ഞ നവംബര്‍ ആറിനുണ്ടായ അക്രമ സംഭവത്തെത്തുടര്‍ന്ന് നവംബര്‍ 21 നാണ് പ്രകാശ് ബാബുവിനെ പ്രതിചേര്‍ത്തത്. മാര്‍ച്ച് 20 ന് പ്രകാശ് ബാബു കീഴടങ്ങിയതിനെത്തുടര്‍ന്ന് റാന്നി കോടതി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയവെയാണ് കോഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കാനായി പ്രകാശ് ബാബു നാമ നിര്‍ദേശ പത്രിക നല്‍കിയത്.
യുവമോര്‍ച്ച മാര്‍ച്ച് കേസിലും ജാമ്യം
പത്തനംതിട്ട: കോഴിക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.കെ. പ്രകാശ് ബാബുവിന് ഒരു കേസില്‍കൂടി പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു. ജ്യുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് അതിക് റഹ്മാനാണ് ജാമ്യം അനുവദിച്ചത്. പ്രകാശ് ബാബുവിന് വേണ്ടി അഡ്വ. അനില്‍ പി നായര്‍ ഹാജരായി. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന്റെ പേരിലാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: