തൃശൂര്‍: കൊച്ചുകുട്ടികളില്‍ കമ്മ്യൂണിസം നിറയ്ക്കാനും കമ്മ്യൂണിസ്റ്റ് പ്രസാധകരെ സഹായിക്കാനും അഖിലകേരള വായനോത്സവം ദുരുപയോഗം ചെയ്ത് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍. വായനക്കാരില്ലാതെ ചിതലെടുക്കുന്ന കമ്മ്യൂണിസ്റ്റ് പുസ്തകങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്നതാണ് സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന അഖില കേരള വായനോത്സവത്തിലൂടെ ലൈബ്രറി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.
സ്കൂള്‍ കുട്ടികളില്‍ വായനാശീലവും സാഹിത്യാഭിരുചിയും വളര്‍ത്തുക എന്ന നല്ല ഉദ്ദേശ്യത്തോടെ വര്‍ഷങ്ങളായി കേരളത്തില്‍ നടത്തി വരുന്നതാണ് വായനോത്സവം. ഇതിനായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍കൂട്ടി നിര്‍ദേശിക്കുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ വായിച്ച് പഠിക്കണം. പിന്നീട് നടക്കുന്ന വായനാ മത്സരങ്ങളില്‍ ഈ പുസ്തകങ്ങളെ അനുബന്ധിച്ച് ഉപന്യാസങ്ങള്‍, പ്രസംഗങ്ങള്‍, ആസ്വാദന കുറിപ്പുകള്‍, പ്രശ്നോത്തരികള് എന്നിവ നടത്തും. സ്കൂള്‍, താലൂക്ക്, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിലായാണ് മത്സരങ്ങള്‍. സംസ്ഥാനതല വിജയികള്‍ക്ക് 20,000 രൂപയില്‍ കുറയാത്ത സമ്മാനം നല്‍കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് കുട്ടികളോ സ്കൂള്‍ ലൈബ്രറികളോ സ്വാഭാവികമായും നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങള്‍ വാങ്ങണം. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ പതിനായിരക്കണക്കിന് കോപ്പികളാണ് ഇതുവഴി ഒറ്റയടിക്ക് വിറ്റു തീരുന്നത്. ഇവിടെയാണ് വായനോത്സവത്തിലെ വ്യാപാര ലക്ഷ്യങ്ങളും കമ്മീഷന് രഹസ്യങ്ങളും മറനീക്കി പുറത്തുവരുന്നത്.
ഈ വര്‍ഷത്തെ വായനോത്സവത്തിന് തെരഞ്ഞെടുത്തിരിക്കുന്നതില്‍ ഭൂരിഭാഗവും ചിന്ത, പ്രഭാത്, പ്രോഗ്രസ്സീവ്, പൂര്‍ണ തുടങ്ങി കമ്മ്യൂണിസ്റ്റ് ആശയപ്രചാരകരായ പ്രസാധകരുടെ പുസ്തകങ്ങളാണ്. സ്കൂള്‍ കുട്ടികള്‍ക്ക് ഗ്രാഹ്യമാവാത്ത വിഷയങ്ങളും വായനോത്സവത്തിന് നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിലുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അക്കാദമിക് കമ്മറ്റിയാണ് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നത്. നിഷ്പക്ഷവും അരാഷ്ട്രീയവും കുട്ടികളുടെ സംവേദന ക്ഷമതയ്ക്ക് പ്രാപ്യവുമായ പുസ്തകങ്ങളാണ് വായനോത്സവത്തിന് തെരഞ്ഞെടുക്കേണ്ടത് എന്ന വ്യവസ്ഥയെ തകിടം മറിച്ചാണ് സിപിഎം കണ്ണൂര്‍ ലോബിയും സെക്രട്ടറിയേറ്റ് അംഗവും അടങ്ങുന്ന അക്കാദമിക് കമ്മറ്റി പുസ്തകങ്ങള്‍ തെരഞ്ഞെടുത്തത്.
പ്രോഗ്രസ്സീവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പിണറായി വിജയന്റെ ‘നവോത്ഥാനം, ശബരിമല, മതനിരപേക്ഷത’ എന്ന ലഘുലേഖയും പുസ്തകമെന്ന് പറഞ്ഞ് വായനോത്സവത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പല പുസ്തകങ്ങളും തീവ്ര കമ്മ്യൂണിസ്റ്റ് നിലപാടുകളുടെ പ്രചാരണ ഗ്രന്ഥങ്ങളാണ്. മറ്റ് പലതും വളരെ പഴയതും ചിലത് കുട്ടികള്‍ക്ക് ഉള്ക്കൊള്ളാനാവാത്തവയുമാണ്. പിണറായി വിജയന്റെ ലഘുലേഖയാവട്ടെ ഹിന്ദു സമൂഹത്തേയും ആചാരങ്ങളേയും അവഹേളിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
വര്‍ഷങ്ങളായി കുറ്റമറ്റ രീതിയില്‍ നടന്നുവന്നിരുന്ന വായനോത്സവത്തെ കമ്മ്യൂണിസ്റ്റ് പ്രചരണായുധമാക്കുന്ന സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും നീക്കത്തിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമാണ്. ശബരിമലയെ അവഹേളിക്കുന്ന പിണറായി വിജയന്റെ ലഘുലേഖയടക്കമുള്ള കമ്മ്യൂണിസ്റ്റ് പുസ്തകങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ വായനോത്സവത്തില്‍ മക്കളെ പങ്കെടുപ്പിക്കില്ലെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: