പാലാ: കേരള രാഷ്ട്രീയത്തിലെ അതികായകന് കെ.എം. മാണിക്ക് ജന്മനാട് വിട നല്കി. വീട് മുതല്‍ അന്ത്യവിശ്രമസ്ഥാനമായ പാലാ കത്തീഡ്രല്‍ പള്ളിവരെ നാല് കിലോമീറ്റര്‍ ദൂരം പാതയുടെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് ജനങ്ങള്‍ തങ്ങളുടെ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിറമിഴികളോടെ കാത്തു നിന്നു. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി നഗരത്തിലെ വ്യാപാരികള്‍ ഇന്നലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് നാടിന്റെ ദുഃഖത്തില്‍ പങ്കുകൊണ്ടു.
പറഞ്ഞിരുന്നതിലും 14 മണിക്കൂര്‍ വൈകി ഇന്നലെ രാവിലെ 7.15 ഓടെയാണ് കെ.എം. മാണിയുടെ ഭൗതിക ശരീരം പാലായിലെ സ്വന്തം വീടായ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത്. പിന്നീട് വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെയും മാധ്യമ രംഗത്തെയും നിരവധി പ്രമുഖരെത്തി. കെ.സുരേന്ദ്രന്, പി.സി. തോമസ്, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസ്സന്, നടന് മമ്മൂട്ടി, ആര്. ബാലകൃഷ്ണപിള്ള, പി.ജെ. ജോസഫ്, കെ.സി. വേണുഗോപാല്‍, ജന്മഭൂമി മനേജിങ് എഡിറ്റര്‍ ഉമാകാന്തന്‍, കോട്ടയം റസിഡന്റ് എഡിറ്റര്‍ കെഎന്‍ആര്‍ നമ്പൂതിരി, ബി. രാധാകൃഷ്ണമേനോന്, പ്രൊഫ. ബി. വിജയകുമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, ജനപ്രതിനിധികള്‍, മെത്രാന്മാര്, വൈദികര്‍, വിവിധ രാഷ്ട്രീയ സാമുദായിക, സാമൂഹിക സംഘടന നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചവരില്‍ പെടും. അന്തിമ കര്‍മ്മങ്ങള്‍ക്ക് ശേഷം മൂന്നുമണിക്ക് ഭൗതികദേഹം വീട്ടില്‍ നിന്നെടുത്തു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. വീട്ടിലും സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലെ അന്ത്യവിശ്രമസ്ഥലമായ കുടുംബ കല്ലറയിലേയ്ക്ക് എടുക്കുന്നതിനു മുമ്പും പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സംസ്ഥാനത്തിന്റെ ഔദ്യോഗിക ആദരം അര്‍പ്പിച്ചു.
വീട്ടിലും പള്ളിയിലും നടന്ന അന്ത്യകര്‍മ്മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ്ജ് വലിയമറ്റം, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പ്രഥമന്‍ കാതോലിക്ക ബാവ, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ മാത്യു പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം പള്ളി അങ്കണത്തിലെ പാരീഷ് ഹാളില്‍ അനുശോചന യോഗം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: