കുണ്ടറ: നിധിലഭിച്ചെന്ന പേരില്‍ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം നേമം വില്ലേജില്‍ പ്ലാവില വീട്ടില്‍ മുഹമ്മദ് മുസ്തഫയുടെ മകന് കാള ബഷീര്‍ എന്നറിയപ്പെടുന്ന ബഷീറാണ് (64) അറസ്റ്റിലായത്. കുണ്ടറ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ഇളമ്പള്ളൂരില്‍ കേരളപുരം കരിമ്പിന്‍കര ജുമാഅത്ത് പള്ളിക്ക് സമീപം സ്വര്‍ണ്ണ നിധി ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞു യുവാവിനെ കബളിപ്പിച്ചു 2,39,000രൂപ പല തവണകളായി ബാങ്ക് വഴി തട്ടിയെടുത്തിട്ടുണ്ട്. സ്വര്‍ണ്ണ വിഗ്രഹത്തിന്റെ പേരില്‍ ചെമ്പില്‍ വ്യാജ സ്വര്‍ണ്ണം പൂശിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്. നിരവധി കള്ള നോട്ടു കേസുകളിലെ പ്രതിയായ ഇയാള്‍ സംസ്ഥാന വ്യാപകമായി നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ മാത്രം പ്രതിക്കെതിരെ കള്ളനോട്ടുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ നിലവിലുണ്ട്. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം ജില്ലയില്‍ സമാനമായ തട്ടിപ്പുകള്‍ നടത്തുന്നവരെ പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും, ഇതിനെതിരെ കര്‍ശ്ശന നടപടികള്‍ ഉണ്ടാകുമെന്നും സ്റ്റേഷനിലെ എസ്ഐ ബിനു അറിയിച്ചു. കുണ്ടറ സ്റ്റേഷന് സിഐ സുരേഷ് വി.നായര്‍, എസ്ഐ മാരായ ബിനു, മൃദുല്‍കുമാര്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടി കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: