കൊച്ചി: കേരളത്തിലെ ഹൈന്ദവരെ സംബന്ധിച്ച് എല്‍ഡിഎഫും യുഡിഎഫും മുഖ്യശത്രുക്കളാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ഒരേ വസ്തു രണ്ടു പാത്രത്തിലാക്കി എന്ന വ്യത്യാസം മാത്രമേ കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ളൂ.
ഹിന്ദുക്കളുടെ താത്പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും എന്നും വിലങ്ങുതടിയായി നിന്നിട്ടുള്ളവരാണ് ഇരുപാര്‍ട്ടികളും. ഹിന്ദുവിരുദ്ധരായ ഈ രണ്ടുകൂട്ടരെയും തള്ളിക്കളയുകയാണ് ഈ തെരഞ്ഞെടുപ്പില്‍ ഹൈന്ദവവിശ്വാസികള്‍ ചെയ്യേണ്ടതെന്നും ശശികല ടീച്ചര്‍ ജന്മഭൂമിയോട് പറഞ്ഞു.
ഹിന്ദുക്കള്‍ മാത്രം രാഷ്ട്രീയ വോട്ട് രേഖപ്പെടുത്തുകയും ന്യൂനപക്ഷസമുദായങ്ങളൊക്കെ മതം നോക്കി വോട്ട് ചെയ്യുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ ഇതുവരെ ഉണ്ടായത്. ഈ വോട്ടിങ് പാറ്റേണ്‍ ഇനി മാറും. നിഷ്പക്ഷ വോട്ടുകളാണ് ഇതുവരെ ഇവിടെ ജയപരാജയങ്ങള്‍ നിര്‍ണയിച്ചത്. നിഷ്പക്ഷ വോട്ടുകള്‍ കൂടുതലും ഹിന്ദുവോട്ടുകളാണ്. തങ്ങളെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചവരെ തോല്‍പ്പിക്കുന്നത് നാം കണ്ടു. തോല്‍പ്പിക്കാന്‍ മാത്രമായിരുന്നു നിഷ്പക്ഷ ഹിന്ദുക്കള്‍ അവരുടെ വോട്ട് ഉപയോഗപ്പെടുത്തിയത്. ആര് ജയിക്കണമെന്നത് അവരുടെ ലക്ഷ്യമായിരുന്നില്ല. അതുകൊണ്ടാണ് കേരളത്തില്‍ സീസോ പോലെ രണ്ടു മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വന്നത്. ഇനി അത് നടക്കില്ല. ആര് ജയിക്കണമെന്ന് ഹിന്ദുസമൂഹം തീരുമാനിക്കും.
ശബരിമല വിഷയത്തില്‍ സിപിഎമ്മും അവര്‍ നേതൃത്വം നല്കുന്ന സര്‍ക്കാരും മാത്രമല്ല ഹിന്ദുക്കളെ ദ്രോഹിച്ചത്. കോണ്‍ഗ്രസ്സും ഹിന്ദുവിരുദ്ധ നിലപാടാണെടുത്തത്. ആദ്യം അവര്‍ ഭക്തരോടൊപ്പമാണെന്ന് പറഞ്ഞു. എന്നാല്‍ ആചാരസംരക്ഷണത്തിനു വേണ്ടി രംഗത്തിറങ്ങാന്‍ തയാറായില്ല.
പല വിഷയങ്ങളുടെ പേരിലും തെരുവിലിറങ്ങിയിട്ടുള്ള കോണ്ഗ്രസ്സുകാര് ശബരിമല വിഷയത്തില്‍ ഒന്നും ചെയ്യാന്‍ തയാറായില്ല. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ശബരിമലയിലെ ആചാരസംരക്ഷണത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമാണ്. അവരെയായിരിക്കും ഹിന്ദുസമൂഹം പിന്തുണയ്ക്കുക.
സിപിഎം ഇത്രയധികം ഹിന്ദുവിരുദ്ധത കാണിക്കുന്നതിന് പിന്നില്‍ ഒരു രഹസ്യ അജണ്ടയുണ്ട്. സിപിഎമ്മിനെതിരെ വീഴുന്ന ഹിന്ദുവോട്ടുകള്‍ പരമാവധി കോണ്‍ഗ്രസ്സിന് ലഭിക്കാനുള്ള തന്ത്രമാണത്. കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കുക എന്നതാണ് സിപിഎം ലക്ഷ്യം. കേരളത്തിന് പുറത്ത് കോണ്‍ഗ്രസ്സും സിപിഎമ്മും ഒറ്റമുന്നണിയാണ്. ഇവിടെ അങ്ങനെ നിന്നാല്‍ അത് ആത്മഹത്യാപരമാകും എന്നതുകൊണ്ടാണ് പരസ്പരം മത്സരിക്കുന്നത്.
ശബരിമല പ്രക്ഷോഭത്തിന് നേതൃത്വം നല്കിയവരാണ് എന്‍ഡിഎ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. അവരെ വിജയിപ്പിക്കേണ്ടത് ഹിന്ദുസമൂഹത്തിന്റെ കടമയാണ്. അഞ്ചോ ആറോ സീറ്റുകളെങ്കിലും എന്‍ഡിഎയ്ക്ക് ലഭിക്കണം. മറ്റ് മണ്ഡലങ്ങളില്‍ 30 ശതമാനത്തില്‍ കുറയാത്ത വോട്ടുകളും ലഭിക്കണം. കാരണം ഈ തെരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ച് ക്വാര്‍ട്ടര്‍ ഫൈനലാണ്. ഏതാനും മാസങ്ങള്‍ക്കകം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.
2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പും. അതോടെ കേരളത്തില്‍ സമ്പൂര്‍ണ ഭരണമാറ്റമാണ് ലക്ഷ്യം. വിശ്വാസികള്‍ക്കിടയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. മികച്ച സംഘടനാസംവിധാനമാണ് കേരളത്തിലെ ഹൈന്ദവസംഘടനകള്ക്കുള്ളത്. ശബരിമല പ്രക്ഷോഭത്തില്‍ ആരും പിന്മാറിയില്ല. പോലീസ് കേസുകളും മറ്റുമായി പല പ്രശ്നങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടും ശക്തമായ ജനകീയമുന്നേറ്റമാണ് നടന്നത്. ധര്‍മസംരക്ഷണത്തിന് ഈ ശക്തിയെ തെരഞ്ഞെടുപ്പിലും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം പ്രതിഷേധാര്‍ഹമാണ്. ജനപ്രാതിനിധ്യനിയമം അനുസരിച്ച് ഇത്തരം വിശ്വാസപരമായ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിന് തടസ്സമില്ല. കാരണം ശബരിമല വിഷയം ഒരു രാഷ്ട്രീയവിഷയമാണ്. സര്‍ക്കാര്‍ ചെയ്ത നെറികേടിന്റെ വിഷയമാണത്. ഈ വിഷയത്തിന് രാഷ്ട്രീയ പരിഹാരമേ ഉള്ളൂ, ശശികല ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: