ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. എവേ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ടോട്ടനത്തോടാണ് സിറ്റി പൊട്ടിയത്. കളിയുടെ 70-ാം മിനിറ്റില്‍ സണ്‍ ഹ്യുങ് മിന് ആണ് സിറ്റിയുടെ ഹൃദയം തകര്‍ത്ത ഗോള്‍ നേടിയത്. കളിയുടെ തുടക്കത്തില്‍ സിറ്റി സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോ പെനാല്‍റ്റി നഷ്ടമാക്കിയതും അവര്‍ക്ക് തിരിച്ചടിയായി.
കളിയില്‍ 59 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ഒരിക്കല്‍ പോലും സിറ്റി സ്ട്രൈക്കര്‍മാര്‍ക്ക് ടോട്ടനം വല കുലുക്കാനായില്ല. അഗ്യൂറോ, സില്‍വ, സ്റ്റര്‍ലിങ്, പകരക്കാരനായി ഇറങ്ങിയ ഗബ്രിയേല്‍ ജീസസ്, കെവിന് ഡി ബ്രൂയന്, സാനെ എന്നിവര്‍ക്കെല്ലാം പിഴച്ചപ്പോള്‍ കിട്ടിയ അവസരം മുതലാക്കി ടോട്ടനം വിജയഗോള്‍ നേടുകയായിരുന്നു.
തുടര്‍ച്ചായ മൂന്ന് ജയങ്ങള്‍ക്കുശേഷമാണ് സിറ്റി ടോട്ടനത്തിനോട് ഒരു മത്സരത്തില്‍ തോല്‍ക്കുന്നത്. ബെര്‍ണാഡോ സില്‍വയെയും കെവിന് ഡി ബ്രൂയിനെയും ജീസസിനെയും ആദ്യ ഇലവനില്‍ ഇറക്കാതെ കളത്തിലെത്തിയ അവര്‍ക്ക് തുടക്കം മുതല്‍ തന്നെ പിഴവുകളായിരുന്നു. സ്വത:സിദ്ധമായ ഫോമില്‍ കളിക്കാന്‍ പലപ്പോഴും പാടുപെടുകയായിരുന്നു അവര്‍. ലീഡ് വഴങ്ങിയശേഷം തിരിച്ചടിക്കാന്‍ സിറ്റി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അഗ്യുറോയുടെയും സ്റ്റെര്‍ലിങ്ങിന്റെയും നീക്കങ്ങള്‍ക്ക് ടോട്ടനം പ്രതിരോധത്തെയോ ഗോള്‍കീപ്പര്‍ ലോറിസിനെയോ മറികടക്കാന്‍ കഴിഞ്ഞതുമില്ല.
മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ ടോട്ടനത്തിനായി ഡെലെ അലിയുടെ കിടിലന്‍ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു. മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റെര്‍ലിങ്ങിന്റെ മനോഹരമായ മുന്നേറ്റം ഡാനി റോസി തടഞ്ഞത് വാറിലൂടെ ഹാന്‍ ബോള്‍ വിളിച്ച് പെനാല്‍റ്റി നല്കി. എന്നാല്‍ ഏവരെയും ഞെട്ടിച്ച് അഗ്യൂറോ എടുത്ത പെനാല്‍റ്റി ലോറിസ് തടുത്തിട്ടു. തൊട്ടുപിന്നാലെ ടോട്ടനത്തിന്റെ ഹാരികെയ്ന്റെ ശ്രമം സിറ്റി ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും ആക്രമണ പ്രത്യാക്രമണങ്ങളാല്‍ ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റഹിം സ്റ്റര്‍ലിങ്ങിന്റെ ഇടംകാലന്‍ ഷോട്ട് ടോട്ടനം ഗോളി രക്ഷപ്പെടുത്തി. 50-ാം മിനിറ്റില്‍ ടോട്ടനത്തിന്റെ സണ്‍ ഹ്യുങ് മിന് പായിച്ച ഷോട്ടിന് സിറ്റി ഗോളിയെയും കീഴടക്കാന്‍ കഴിഞ്ഞില്ല. 58-ാം മിനിറ്റില്‍ പരിക്കുപറ്റി ഹാരി കെയ്ന്‍ കയറുകയും ലൂക്കാസ് മൗറ ഇറങ്ങുകയും ചെയ്തു. 71-ാം മിനിറ്റില്‍ അഗ്യൂറോയെ പിന്‍വലിച്ച് ഗബ്രിയേല്‍ ജീസസിനെ സിറ്റി കളത്തിലിറക്കിയെങ്കിലും കാര്യമുണ്ടായില്ല. 78-ാം മിനിറ്റില്‍ ടോട്ടനത്തിന്റെ വിജയഗോള്‍. കളംനിറഞ്ഞു കൡച്ച ടോട്ടനത്തിന്റെ എറിക്സണ് നല്കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. എറിക്സണ് നീട്ടിയ പന്ത് ബോക്സിനുള്ളില്‍ സ്വീകരിച്ച് സണ്‍ ഹ്യൂ മിന് പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്.
ലീഡ് വഴങ്ങി അധികം കഴിയും മുന്‍പേ ഹാരി വിങ്ങ്സിനെയും ഡെലെ അലിയെയും വലിച്ച് പോച്ചെറ്റീനോ ടോട്ടനം പ്രതിരോധത്തിന് കരുത്തുകൂട്ടി. ഗോള്‍ തിരിച്ചടിക്കാന്‍ സിറ്റി കിണഞ്ഞു ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. സാനെയെയും ഡി ബ്രൂണെയെയും അവസാന മിനിറ്റിലിറക്കി ഗോള്‍ മടക്കാനുള്ള ഗാര്‍ഡിയോളയുടെ നീക്കവും വിഫലമായതോടെ ആദ്യ പാദ ക്വാര്‍ട്ടറില്‍ ജയം ടോട്ടനത്തിന് സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: