ജയ്പ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന് റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടം. രാജസ്ഥാന്റെ സ്വന്തം തട്ടകമായ ജയ്പ്പൂരില്‍ രാത്രി എട്ടിന് കളി തുടങ്ങും. സീസണില്‍ ഇതിനുമുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ വിജയിച്ചിരുന്നു. നായകന് എം.എസ്. ധോണിയുടെ അര്‍ധസെഞ്ചുറി ബലത്തില്‍ എട്ട് റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം.
ലീഗില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് ഒരു വിജയവുമായി തപ്പിതടയുകയാണ് രാജസ്ഥാന്. ഇതുവരെ വിജയം കാണാനാകാത്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മാത്രമാണ് ജയിക്കാനായത്. കഴിഞ്ഞ മത്സരത്തില്‍ മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് ഫോമിലേക്കുയര്‍ന്നതാണ് ടീമിന്റെ ഏക ആശ്വാസം.
നായകന് അജിങ്ക്യ രഹാനെ വലിയ സ്കോര്‍ കണ്ടെത്തിയിട്ടില്ല. മലയാളിതാരം സഞ്ജു സാംസണ് പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്നത്തെ മത്സരത്തിലും കളിക്കാന്‍ ഇടയില്ല. മധ്യനിരയില്‍ രാഹുല്‍ ത്രിപാട്ടി, ബെന്‍ സ്റ്റോക്സ്, ഗൗതം എന്നിവര്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യേണ്ടതുണ്ട്. ജോഫ്രെ ആര്‍ച്ചര്‍ നയിക്കുന്ന ബൗളിങ്ങ് നിര ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്.
മറുഭാഗത്ത് മികച്ച ഫോമിലാണ് ചെന്നൈ. കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും വിജയം കണ്ടു. ഓള്‍റൗണ്ടര്‍മാരിലാണ് ചെന്നൈയുടെ പ്രതീക്ഷ. പരിക്ക് മൂലം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ ഇന്നത്തെ മത്സരത്തിലും കളിക്കാന്‍ ഇടയില്ല. ഓപ്പണര്‍ ഫാഫ് ഡു പ്ലസിസ് കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. മധ്യനിരയില്‍ സുരേഷ് റെയ്ന, അമ്പാട്ടി റായ്ഡു, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം നായകന് എം.എസ്. ധോണികൂടി ചേരുമ്പോള്‍ ബാറ്റിങ്ങ് ശക്തം.
ഹര്ഭജന്-താഹിര്‍-ജഡേജ സ്പിന്‍ ത്രയമാണ് കഴിഞ്ഞ മത്സരത്തില്‍ ടീമിന് വിജയമൊരുക്കിയത്. ന്യൂസിലന്‍ഡ് താരം സ്കോട്ട് കുഗ്ലീന്‍ നയിക്കുന്ന പേസ് നിരയും ഫോമിലാണ്. ഇതിനുമുമ്പ് 21 തവണ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പതിമൂന്നിലും വിജയം ചെന്നൈക്കൊപ്പം നിന്നു. എട്ട് മത്സരങ്ങളിലാണ് രാജസ്ഥാന് വിജയിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: