ലണ്ടന്‍: യുവഫേ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എഫ്സി പോട്ടോയെ തകര്‍ത്തു.
ലിവര്‍പൂളിനായി കെയ്റ്റയും റോബര്‍ട്ടോ ഫിര്‍മീനോയും ലക്ഷ്യം കണ്ടു. ആദ്യപകുതിയിലായിരുന്നു രണ്ട് ഗോളുകളും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്ട്ടര്റില് തങ്ങളെ തകര്‍ത്ത ലിവര്‍പൂളിനോട് കണക്കുതീര്‍ക്കാനായി ഇറങ്ങിയ പോര്‍ട്ടോക്ക് ഇത്തവണയും റെഡ്സിന്റെ കുതിപ്പിന് തടയിടാന്‍ കഴിഞ്ഞില്ല.
ലിവര്‍പൂള്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയ മത്സരമായിരുന്നു. തുടക്കം മുതല്‍ സലയും ഫിര്‍മീനോയും സാനെയും എതിര് ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടിരിന്നു. അഞ്ചാം മിനിറ്റില്‍ അവര്‍ പോര്‍ട്ടോയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. റോബര്‍ട്ടോ ഫിര്‍മീനോയുടെ പാസ് സ്വീകരിച്ച് ബോക്സിന്റെ മധ്യത്തില്‍നിന്ന് നാബി കെയ്റ്റ പായിച്ച വലംകാലന്‍ ഷോട്ട് ഒലിവര്‍ ടോറസിന്റെ കാലില്‍ത്തട്ടി ദിശമാറി വലയില്‍ കയറിയപ്പോള്‍ പോര്‍ട്ടോ ഗോളി ഇകര്‍ കസിയസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് 26-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തി.
ജോര്ഡന് ഹെന്ഡേഴ്സണ് മിഡ്ഫീല്‍ഡില്‍ നിന്ന് കയറ്റി കൊണ്ടുവന്ന പന്ത് ട്രെന്‍ഡ് അലക്സാണ്ടര്‍ ബോക്സിലേയ്ക്ക് ക്രോസ് ചെയ്തു കൊടുക്കുകയും റോബര്‍ട്ടോ ഫര്‍മിന്യോ കാലുകൊണ്ട് വലയിലേയ്ക്ക് തട്ടിയിടുകയുമായിരുന്നു.
രണ്ട് ഗോളിന് പിന്നിലായിട്ടും തിരിച്ചടിക്കാന്‍ പോര്‍ട്ടോ കിണഞ്ഞു ശ്രമിച്ചു. നിരവധി അവസരങ്ങള്‍ അവര്‍ സൃഷ്ടിച്ചെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് പിഴച്ചു. മുപ്പതാം മിനിറ്റില്‍ മൗസയുടെ നല്ലൊരു ഷോട്ട് ലിവര്‍പൂള്‍ ഗോളി അലിസണ് രക്ഷപ്പെടുത്തി. തുടര്‍ന്നും മികച്ച ഫുട്ബോള്‍ ഇരുടീമുകളും കാഴ്ചവച്ചെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ പിറന്നില്ല.
രണ്ടാം പകുതിയിലും മികച്ച ഫുട്ബോളാണ് ഇരുടീമുകളും നടത്തിയത്. എന്നാല്‍ രണ്ട് ടീമിലെയും സ്ട്രൈക്കര്‍മാര്‍ക്ക് പിഴച്ചതോടെ കൂടുതല്‍ ഗോള്‍ നേടാന്‍ ലിവര്‍പൂളിനോ ആശ്വാസഗോള്‍ കണ്ടെത്താന്‍ പോര്ട്ടോയ്ക്കോ കഴിഞ്ഞില്ല. ഏപ്രില്‍ പതിനേഴിന് പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡോ ഡ്രാഗോയിലാണ് രണ്ടാംപാദ ക്വാര്‍ട്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: