മുംബൈ: മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ രണ്ടു കരുത്തര്‍ കൂടി ബിജെപിയിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീലും എന്‍സിപിയുടെ കരുത്തുറ്റ നേതാവായ വിജയ് സിങ് മൊഹിതെ പാട്ടീലുമാണ് ബിജെപിയില്‍ ചേരാന്‍ തയാറെടുക്കുന്നത്. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുത്ത് ഇരുവരും ബിജെപി പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഏപ്രില്‍ പന്ത്രണ്ടിന് അഹമ്മദ്നഗറില്‍ വെച്ച് വിഖെ പാട്ടീലും 17ന് സോലാപൂരില്‍ വെച്ച് മൊഹിതെ പാട്ടീലും ബിജിപിയില്‍ ചേരും എന്നാണ് ഇരുവരുടേയും അടുത്ത അനുയായികള്‍ പറയുന്നത്. വിഖെ പാട്ടീലിന്റെ മകന് സുജയ് പാട്ടില്‍ കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
വിഖെ കുടുംബത്തിന്റെ തട്ടകമായ അഹമ്മദ്നഗറില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ സുജയ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അത് അംഗീകരിക്കാതെ സീറ്റ് എന്‍സിപിക്കു നല്കി കോണ്‍ഗ്രസ്. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന സുജയ് ഇപ്പോള്‍ അഹമ്മദ്നഗറില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്. ഈ സംഭവത്തിനു ശേഷവും കോണ്‍ഗ്രസില്‍ തുടര്‍ന്ന വിഖെ പാട്ടീലിനെ അപമാനിക്കുന്ന തരത്തിലാണ് ചില നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ പാര്‍ട്ടി വിട്ടത്.
മൊഹിത് പാട്ടീലിന്റെ മകന് രഞ്ജിത് സിങ് പാട്ടീല്‍ നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മാധാ ലോക്സഭാമണ്ഡലത്തിലെ സിറ്റിങ് എംപിയായ മൊഹിത് പാട്ടീലിന് ഇത്തവണ എന്‍സിപി സീറ്റ് നിഷേധിച്ചു. മാധാ മണ്ഡലത്തില്‍ നിന്ന് താന്‍ മത്സരിക്കുന്നു എന്ന് പാര്‍ട്ടി പ്രസിഡന്റ് ശരദ് പവാര്‍ പ്രഖ്യാപിച്ചപ്പോള്‍ മൊഹിത് പിന്മാറി. എന്നാല്‍ പിന്നീട് മത്സരിക്കുന്നില്ലെന്ന് പവാര്‍ പറഞ്ഞിട്ടും പാര്‍ട്ടി മൊഹിതിനെ പരിഗണിച്ചില്ല. ഇരുവര്‍ക്കുമൊപ്പം കോണ്‍ഗ്രസിലേയും എന്‍സിപിയിലേയും പ്രധാനപ്പെട്ട മറ്റു ചില നേതാക്കളും ബിജെപിയിലെത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: