ലണ്ടന്‍: ഇടക്കാല പരിശീലകനായെത്തി മാഞ്ച്സ്റ്റര്‍ യുണൈറ്റഡിനെ വിജയങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഒലെ ഗണ്ണര്‍ സോല്ഷ്യര്ക്ക് ഇന്ന് അഗ്നി പരീക്ഷ. ലയണല്‍ മെസിയുടെ നായകത്വത്തിലിറങ്ങുന്ന ബാഴ്സലോണയെ പിടിച്ചുകെട്ടാന്‍ പൂര്‍ണസമയ കോച്ചായി ചുമതലയേറ്റ ഗണ്ണര്‍ക്ക് കഴിയുമോയെന്ന് കണ്ടറിയണം. ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ ക്വാര്‍ട്ടറില്‍ ഈ ടീമുകള്‍ ഇന്ന് കൊമ്പുകോര്‍ക്കുകയാണ്. രാത്രി 12.30നാണ് മത്സരം.
ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ശക്തരായ പാരീസ് സെന്റ് ജര്മയിന് (പിഎസ്ജി)സിനെ 3-1ന് അട്ടിമറിച്ചതിന്റെ കരുത്തിലാണ് യുണൈറ്റഡ്, ബാഴ്സലോണയെ നേരിടാന്‍ ഒരുങ്ങുന്നത്. ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ 2-0ന് തോറ്റ യുണൈറ്റഡ് രണ്ടാം പാദത്തിലെ 3-1 വിജയത്തോടെ പിഎസ്ജിയെ മറികടന്ന്് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു.
ആക്രമണമാണ് ഗണ്ണറുടെ തന്ത്രം. ഗണ്ണറുടെ കീഴില്‍ യുണൈറ്റഡ് ഒട്ടേറെ വിജയങ്ങള്‍ നേടി. പക്ഷെ അടുത്തിടെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റതോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ അസ്തമിച്ചു.
എന്നിരുന്നാലും വിജയപ്രതീക്ഷയോടെയാണ് യുണൈറ്റഡ് ബാഴ്സയെ നേരിടാനൊരുങ്ങുന്നത്. ഞങ്ങള്‍ക്ക് ഒരവസരം കിട്ടിയിരിക്കുകയാണ്. മത്സരം കടുക്കും. വലിയൊരു മലയാണ് കയറാനുള്ളത്. നേരത്തെ ചില മലകള്‍ കയറിയത് ആത്മവിശ്വാസം നല്‍കുന്നുയെന്ന് ഗണ്ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: