വിദേഹത്തെത്തിയ ദശരഥകുടുംബവും പരിവാരങ്ങളും വിരുന്നിനു ശേഷം വിശ്രമത്തിനിരുന്നു. ആ സമയത്ത് ദശരഥന്, വസിഷ്ഠന്, ജനകന്, ശതാനന്ദന്, വിശ്വാമിത്രന് ഇവരെല്ലാവരും ഗൗരവമായൊരു വിഷയം ചര്ച്ചചെയ്യാനിരുന്നു. നാലു കുമാരന്മാരുടേയും നാലുകുമാരിമാരുടേയും വിവാഹമായിരുന്നു ചര്‍ച്ചാവിഷയം. സീത, രാമന് വരണമാല്യം ചാര്‍ത്തിയെങ്കിലും വിവാഹത്തിന്റെ ശേഷിച്ച ചടങ്ങുകള്‍ കൂടി നടത്താനുണ്ടായിരുന്നു.
അതിനു ശേഷം അക്കാര്യങ്ങള്‍ അവര്‍ രാജസദസ്സില്‍ അറിയിച്ചു. അവര്‍ ആഗ്രഹിച്ചതു പോലെയായിരുന്നു അവിടെ നിന്നുണ്ടായ പ്രതികരണം. സീതയും രാമനും, മാണ്ഡവിയും ഭരതനും ഊര്‍മിളയും ലക്ഷ്മണനും ശ്രുതകീര്‍ത്തിയും ശത്രുഘ്നനും വധൂവരന്മാരായി വിവാഹങ്ങളെല്ലാം സമംഗളം നടന്നു.
നയനമനോഹരങ്ങളായിരുന്നു വിവാഹത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളെല്ലാം. ദൃശ്യകലാപ്രകടനം, സംഗീതക്കച്ചേരി, ഗോഭൂവസ്ത്രാദി ദാനം, വിഭവസമൃദ്ധമായ സദ്യ തുടങ്ങിയവയെല്ലാം വിദേഹത്തിലെ പ്രജകളെയും അതിഥികളെയും ആനന്ദത്തിലാറാടിച്ചു.
വിവാഹ ശേഷം ദശരഥനും സംഘവും ജനകന്റെ അനുഗ്രഹാശിസ്സുകളോടെ അയോധ്യയിലേക്ക് പുറപ്പെട്ടു. വിശ്വാമിത്രന് ഹിമാലയത്തിലേക്കും യാത്രയായി. അവര്‍ ഭാര്ഗവാശ്രമ പരിസരത്തെത്തിയപ്പോള്‍ ഒരു ദിവ്യതേജസ്സ് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
ദശരഥനും കൂട്ടര്‍ക്കും ഇതെന്താണെന്നു പെട്ടെന്നു തെളിഞ്ഞു കിട്ടിയില്ല. വസിഷ്ഠന് അതെന്തെന്ന് സൂക്ഷിച്ചു നോക്കി. അദ്ദേഹത്തിന് കാര്യം മനസ്സിലായി. സാക്ഷാല്‍ പരശുരാമനായിരുന്നു അത്. അതോടെ ദശരഥന്റെ സൈന്യങ്ങള്‍ പരിഭ്രാന്തരായി. വാഹനങ്ങളും സേനാവൃന്ദവും ചിതറിയോടി. ദശരഥനും വസിഷ്ഠനും മുനിയുടെ മുമ്പില്‍ ചെന്ന് അര്‍ഘ്യപാദ്യാദികള്‍ അര്‍പ്പിച്ച് അനുഗ്രഹം തേടി.
പരശുരാമന് അതൊന്നും ഗൗനിച്ചതേയില്ല. ശാന്തഗംഭീരനായി നില്ക്കുന്ന ശ്രീരാമന്റെ അരികിലേക്ക് ചെന്നു. അമ്പും വില്ലും കണ്ണില്‍ കോപാഗ്നിയുമായി നില്ക്കുന്ന ജടാധാരി അടുത്തെത്തിയിട്ടും രാമന് ധീരനായി നിന്നു. അതോടെ പരശുരാമന്റെ കോപംആളിക്കത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: