ന്യൂദല്‍ഹി: ഭീകരവാദത്തിനെതിരെ സന്ധിയില്ലാ പോരാട്ടം തുടരുമെന്ന് ബിജെപിയുടെ പ്രകടന പത്രിക. ഭീരരതയെ നേരിടുന്നതില്‍ സുരക്ഷാ സേനയ്ക്ക് സര്‍വസ്വാതന്ത്ര്യം നല്കുന്ന നയം തുടരുമെന്നും ഇന്നലെ പുറത്തിറക്കിയ സങ്കല്പ് പത്ര എന്നു പ്രകടന പത്രികയില്‍ പറയുന്നു.
പ്രതിരോധസേനയെ കൂടുതല്‍ ശക്തമാക്കുന്നതിനായി ആയുധങ്ങളുടെ അടക്കമുള്ള കരാറുകള്‍ വേഗത്തിലാക്കും. സൈന്യത്തിന്റെ ആധുനികവല്‍ക്കരണം പൂര്‍ത്തിയാവുന്നതോടൊപ്പം സൈന്യത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികളുമുണ്ടാവും.
പ്രതിരോധ മേഖലയിലെ മേക്ക് ഇന്‍ ഇന്ത്യ സംരംഭങ്ങള്‍ ശക്തിപ്പെടുത്തും. എകെ 203 യന്ത്രത്തോക്കുകള്‍ നിര്‍മിക്കുന്ന അമേഠിയിലെ ആയുധശാല പോലെയുള്ള തദ്ദേശീയ ആയുധ നിര്‍മാണ യൂണിറ്റുകള്‍ ശക്തമാക്കും. തൊഴില്‍ ലഭ്യതയും പ്രതിരോധമേഖലയിലെ നിക്ഷേപ സാധ്യതകളും ഇതുവഴി ഉയര്‍ത്താം.
വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കിയ സര്‍ക്കാര്‍ വിരമിച്ച സൈനികര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കും. വിരമിക്കുന്നതിന് മൂന്നുവര്‍ഷം മുമ്പു തന്നെ റീസെറ്റില്‍മെന്റ് പദ്ധതികള്‍ ആരംഭിക്കും. ഉന്നത പഠന സഹായം, വീട് വയ്ക്കാന്‍ സഹായം, സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം, മറ്റു തൊഴില്‍ പരിശീലനം എന്നിവ ഈ കാലയളവില്‍ സൈനികര്‍ക്ക് നല്‍കും.
ആഭ്യന്തര സുരക്ഷ ഒരുക്കുന്നതില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനായി ആധുനികവല്‍ക്കരണ പ്രക്രിയ വേഗത്തിലാക്കും. സൈബര്‍ ക്രൈം അടക്കമുള്ളവ കൈകാര്യം ചെയ്യാനായി സംസ്ഥാന പോലീസ് സേനകള്‍ക്ക് കൂടുതല്‍ മികച്ച പരിശീലനം നല്‍കും.
നുഴഞ്ഞുകയറ്റം അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും തടയാന്‍ അസമിലെ ദുബ്രിയില്‍ നിര്‍മിച്ചതിന് സമാനമായ മുള്ളുവേലികള്‍ അതിര്‍ത്തിയിലെങ്ങും നിര്‍മിക്കും.
രാജ്യാതിര്‍ത്തിയില്‍ നിലവിലുള്ള ആറ് ചെക്പോസ്റ്റുകള്‍ക്ക് പുറമേ 2024ന് മുമ്പായി 14 ചെക് പോസ്റ്റുകള്‍ കൂടി അധികമായി നിര്‍മിക്കും. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന് എന്നീ അയല്‍ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കം ഇതുവഴിയാക്കും.
തീരസംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ തീരദേശ സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. തീരദേശ സുരക്ഷയ്ക്കായി ദേശീയ സമിതി സ്ഥാപിക്കും.
അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കും. ഹിന്ദുക്കള്‍, ബുദ്ധന്മാര്, ജൈനന്മാര്, സിഖുകാര്‍ എന്നിവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത്. ഇതിനായി പൗരത്വ നിയമ ഭേദഗതി കൊണ്ടുവരും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യാപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. അവരുടെ ഭാഷാപരവും സാംസ്ക്കാരികവും സാമൂഹ്യപരവുമായി അസ്തിത്വങ്ങളെ സംരക്ഷിക്കും.
ഇടതു ഭീകരവാദത്തെ ഇല്ലാതാക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അവരുടെ ചെറിയ തുരുത്തുകള്‍ കൂടി ഇല്ലാതാക്കും. ഇടതു ഭീകരവാദികള്‍ക്ക് ശക്തിയുള്ള മേഖലയിലേക്ക് വന്‍തോതില്‍ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും എത്തിക്കുന്ന പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കും.
കശ്മീരി പണ്ഡിറ്റുകളെ കശ്മീരില്‍ തിരികെ എത്തിച്ച് അവരുടെ പുനരധിവാസം ഉറപ്പാക്കും. വടക്കന്‍ പാക്കിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഛമ്പില്‍ നിന്നും വരുന്ന അഭയാര്‍ഥികളുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നല്‍കും. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പുമായി ബന്ധപ്പെട്ടുള്ള ജനസംഘകാലം മുതലുള്ള നിലപാടില്‍ ഉറച്ചു നില്ക്കും. ആര്‍ട്ടിക്കിള്‍ 35എയിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കാന്‍ സാധിച്ചത് നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: