തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും. ബലാത്സംഗമടക്കം 5 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി, ഭീഷണിപ്പെടുത്തല്‍, മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളാണ് ഉള്ളത്. ഇതില്‍ 11 വൈദികര്‍, 3ബിഷപ്പുമാര്‍, 25 കന്യാസ്ത്രീകള്‍, രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റുമാര്‍ എന്നിവരും ഉള്‍പ്പെടും.
പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപിയുടെ അനുമതി ലഭിക്കുന്നത്. നടപടി ക്രമത്തിന്റെ പേരിലാണ് കുറ്റപത്രം നല്കാന് താമസിച്ചത്.
കഴിഞ്ഞ സെപ്തംബറില്‍ കൊച്ചിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമരം നടത്തിയിരുന്നു. പതിനഞ്ച് ദിവസത്തോളം നീണ്ട സമരത്തിന് പിന്നാലെയാണ് ഫ്രാങ്കോയെ പൊലീസ് പിടികൂടുന്നത്.
കുറ്റപത്രം നവംബറില്‍ തന്നെ തയാറാക്കിയെന്ന് അന്വേഷണ സംഘം പറഞ്ഞെങ്കിലും, പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതോടെ നടപടിക്രമങ്ങള്‍ വീണ്ടും താമസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: