തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ചുള്ള വിവാദ ചോദ്യം ഒഴിവാക്കാന്‍ പിഎസ്സി തീരുമാനിച്ചു. സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയില്‍ 10നും 50നും ഇടയ്ക്ക് കയറിയ സ്ത്രീ ആരെന്ന ചോദ്യം വിശ്വാസ സമൂഹത്തിനിടയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്യാട്രി തസ്തികയ്ക്കായി നടത്തിയ പരീക്ഷയിലാണ് ഉദ്യോഗാര്‍ഥികളുടെ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യം ചോദിച്ചത്. കഴിഞ്ഞ മൂന്നാം തീയതി നടന്ന പരീക്ഷയില്‍ ആല്‍ഫാ കോഡ് എ പേപ്പറിലെ ക്രമനമ്പര്‍ ഒമ്പതാമത്തേതായാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യം പിഎസ്സി ചോദിച്ചത്.
ഉത്തരം എഴുതാന്‍ ബിന്ദു തങ്കം കല്യാണി, ലിബി സി.എസ്, സുര്യദേവാര്ച്ചന, പാര്‍വതി, ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവരുടെ പേരുകള്‍ ഓപ്ഷനായി നല്‍കിയിട്ടുണ്ട്. എന്നാല്‍ ശബരിമല യുവതീപ്രവേശനത്തെ അതിശക്തമായി എതിര്‍ക്കുകയും സമരമുഖം നയിക്കുകയും ചെയ്ത ഹൈന്ദവ സംഘടനാ നേതാക്കളുടെ പേരുകള്‍ കൂടി ഓപ്ഷനില്‍ ഉള്‍പ്പെടുത്തി അപമാനിക്കുകയും ചെയ്തു.
ചോദ്യപേപ്പറില്‍ മൂന്നാമത്തെ ഓപ്ഷനായി നല്‍കിയത് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചറിന്റെയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്റെയും പേര്.
സര്‍ക്കാരിനും പിഎസ്സിക്കും എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. സംഭവം വിവാദമായതോടെ ഇന്നലെ കൂടിയ പിഎസ്സി യോഗത്തില്‍ ചോദ്യം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: