കൊച്ചി: ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് കോട്ടയം എസ്പി, എസ്ഒഎസ് ഭാരവാഹികള്‍ക്ക് ഉറപ്പു നല്കിയ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറുകയാണെന്ന് സേവ് അവര്‍ സിസ്റ്റേഴ്സ് മൂവ്മെന്റ് ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി അറിയിച്ചു. എസ്ഒഎസ്സിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം.
കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നിലപാടാണ് ഇന്നലെ ഉണ്ടായത്. മുന്‍പ് പല ഉറപ്പുകളും നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കുന്നു. അടുത്ത ശനിയാഴ്ച വരെ കാത്തിരിക്കാന്‍ തയാറാണ്. ശനിയാഴ്ചയ്ക്ക് മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. പ്രതി ശിക്ഷിക്കപ്പെടുന്നതുവരെ എസ്ഒഎസ് പിന്നിലുണ്ടാകും.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ പീഡന പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിക്കാതെ വന്ന സാഹചര്യത്തിലാണ് സേവ് അവര്‍ സിസ്റ്റേഴ്സ് മൂവ്മെന്റ് സമരം തുടങ്ങിയത്. 14 ദിവസത്തോളം നടത്തിയ സമരത്തിന്റെ സമ്മര്‍ദത്തിലായിരുന്നു ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം സമര്പ്പിക്കാഞ്ഞതോടെയാണ് വീണ്ടുമൊരു സമരത്തിന് എസ്ഒഎസ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: