കൊച്ചി: രാഹുലും വയനാടും ചുറ്റിക്കുന്ന രാഷ്ട്രീയ കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ ഇടത്-വലത് മുന്നണികള്‍ വിഷമിക്കുന്നു. ബിജെപിക്ക് കേരളത്തിലും പുറത്തും നേട്ടമുണ്ടാക്കുന്ന ഈ സ്ഥാനാര്‍ഥിത്വ പ്രശ്നത്തോടെ രാഷ്ട്രീയ നിലതെറ്റിയ അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്. മുന്നണിയില്‍ മുസ്ലിംലീഗ് ആധിപത്യം നേടി. യുഡിഎഫിലെ ആഭ്യന്തര പ്രശ്നം കോണ്‍ഗ്രസ് നേതൃത്വത്തെ കുഴപ്പത്തിലാക്കി. മതവികാരത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരണം രൂക്ഷമായെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
വയനാട് മണ്ഡലത്തിലൂടെ യുഡിഎഫ് രാഷ്ട്രീയനായകത്വം മുസ്ലിംലീഗ് കൈയടക്കിയതില്‍ ഐക്യജനാധിപത്യ മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ അസ്വസ്ഥരാണ്. വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് രാഹുലിനെ സുരക്ഷിതനാക്കിയെങ്കിലും ഇത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഇളക്കിയെന്നാണ് ആക്ഷേപം. കേരള കോണ്‍ഗ്രസി (എം)ലെ ഭിന്നതകളും കെ.എം. മാണിക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകാന്‍ പറ്റാത്തതും കൂടി ആയപ്പോള്‍ ലീഗിന്റെ സര്‍വാധിപത്യമാണ് യുഡിഎഫില്‍.
മുഖ്യമന്ത്രി പിണറായി വിജയന് അസ്വസ്ഥനാണ്. അത്ര അടുത്തവരോട് ഉല്‍ക്കണ്ഠകള്‍ പങ്കുവെക്കുകയും ചെയ്തു. ഇടതുപക്ഷത്തിന് കേരളത്തില്‍ ഇരുട്ടടിയായി രാഹുലിന്റെ വയനാട് പ്രവേശം. അതിനു പിന്നാലെയാണ്, ‘സിപിഎമ്മിനെ വിമര്‍ശിക്കില്ലെന്ന ‘സഹോദരന്മാരോടുള്ള’ രാഹുലിന്റെ പ്രസ്താവനയും വന്നത്. ഇതോടെ ‘ഇടിവെട്ടിയവനെ പാമ്പുകടിച്ച’ അവസ്ഥയിലാണ് ഇടതുമുന്നണി. രാഹുലിനെ ‘ജയിപ്പിച്ച് തോല്‍പ്പിക്കാന്‍’ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയാണ് ഏക മാര്‍ഗമെന്ന അഭിപ്രായം വരെ പാര്‍ട്ടിയില്‍ ചിലര്‍ പ്രകടിപ്പിച്ചു. മുന്നണിയില്‍ എല്ലാത്തരത്തിലും അവഗണിക്കപ്പെട്ട സിപിഐ കടുത്ത പ്രതിഷേധത്തിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുലിന്റെ വയനാട് മത്സരത്തേക്കുറിച്ച് പ്രതികരിച്ചു. അതും ഇടതുപക്ഷത്തെ അമ്പരപ്പിച്ചു. ”രണ്ടിടത്ത് മത്സരിക്കാന്‍ തടസ്സമില്ല. അത് നിശ്ചയിക്കേണ്ടത് പാര്‍ട്ടിയും സ്ഥാനാര്‍ഥിയുമാണ്. അതവരുടെ കാര്യം, എന്നാല്‍, അമേഠിയില്‍ തോല്‍ക്കുമെന്ന ഭയത്തിലാണ് വയനാട്ടിലെ മത്സരം എന്നാണ് പ്രതികരണങ്ങള്‍ വന്നത്,” പ്രധാനമന്ത്രി പറഞ്ഞു. രാഹുലിന്റെ വയനാടന്‍ മത്സരത്തിന് ചുക്കാന്‍ പിടിക്കുന്ന ‘മുസ്ലിംലീഗ് വൈറസ് പോലെ’ യാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശനം ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലും പുതിയ ചുവരെഴുത്താണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മോദി- ബിജെപി വിരുദ്ധ രാഷ്ട്രീയത്തിനു പുറമേ, ‘സംഘ പരിവാറി’ന്റെ ന്യൂനപക്ഷ വിരോധം എന്ന നുണ പറഞ്ഞാണ് കേരളത്തിന് പുറത്തെ മഹാഗഢ്ബന്ധന്റെ പ്രചാരണങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ വയനാട്ടില്‍ മുസ്ലിംലീഗാണ് സംരക്ഷിക്കുന്നതെന്ന പ്രചാരണം മതേതര സഖ്യക്കാര്‍ക്ക് ആഘാതമാകും.
ശബരിമല-അയ്യപ്പധര്‍മ വിഷയത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലപാടും മുസ്ലിം ലീഗിന് കോണ്‍ഗ്രസ്സിനു മേലുള്ള ആധിപത്യവും ചില ക്രിസ്ത്യന്‍ സഭകളുടെ ഇടത്-വലത് മുന്നണികളോടുള്ള പരസ്യ രാഷ്ട്രീയവും കേരളത്തില്‍ വോട്ടര്‍മാരെ ഹിന്ദുക്കളെന്നും ന്യൂനപക്ഷമെന്നും ശക്തമായി ധ്രുവീകരിച്ചിരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: