തിരുവനന്തപുരം: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എം.കെ രാഘവന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങി. ഒളിക്യാമറ വിവാദത്തിലെ പരാതികളും പോലീസ് അന്വേഷിക്കും. കോഴിക്കോട് എഎസ്‌പിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
ഡിജിപി പരാതികള്‍ കണ്ണൂര്‍ റേഞ്ച് ഐജിക്ക് കൈമാറി. രാഘവനെതിരായ പരാതികളും രാഘവന്‍ നല്‍കിയ പരാതികളും പരിശോധിക്കും. ഒളിക്യാമറ വിവാദത്തില്‍ ജില്ല കളക്ടര്‍ വെള്ളിയാഴ്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തിയേക്കും. ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. രാഘവന്റെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം പരിശോധിക്കണം. കള്ളപ്പണ ഇടപാടടക്കം പരിശോധിച്ച് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസാണ് പരാതി നല്‍കിയത്.
കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ സംഘത്തോട് എംകെ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ദേശീയ ചാനല്‍ പുറത്ത് വിട്ടത്. ഹോട്ടല്‍ തുടങ്ങാന്‍ ആവശ്യമായ 15 ഏക്കര്‍ സ്ഥലം നല്‍കാന്‍ 5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എംകെ രാഘവനെതിരായ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: