കൊച്ചി: സര്‍ക്കാര്‍ എയ്ഡഡ് പോളിടെക്നിക്കുകളിലെ അധ്യാപകര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംഘടിപ്പിച്ച എഞ്ചിനീയറിങ് മാസ്റ്റര്‍ ബിരുദങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എഐസിടിഇ (ആള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍) സ്കീമനുസരിച്ചുള്ള ശമ്പളത്തിനും പ്രൊമോഷനും വേണ്ടിയാണ് അധ്യാപകര്‍ ഇങ്ങനെ ചെയ്തത്.
ഇതിനെതിരെ തിരുവനന്തപുരം വെങ്ങാന്നൂര്‍ സ്വദേശി ഡോ. എം.കെ. ശ്രീധരന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പോളിടെക്നിക്കുകളിലെ അധ്യാപകര്‍, വകുപ്പു മേധാവികള്‍, പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ക്ക് എഐസിടിഇ നിഷ്കര്‍ഷിക്കുന്ന ശമ്പളവും ആനുകൂല്യവും നല്കാന് 2013ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അധ്യാപകര്‍ക്ക് എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദം വേണമെന്നതാണ് പ്രധാന നിബന്ധന. ഇതിനായി അധ്യാപകര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വാരാന്ത്യ ക്ലാസുകളിലൂടെ നല്കുന്ന മാസ്റ്റര്‍ ബിരുദം നേടിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹര്ജിക്കാരന് മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയില്‍ മൂന്നു മാസത്തിനകം പരിശോധിച്ച് നടപടിയെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ജൂലായില്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതനുസരിച്ച് ഫെബ്രുവരി 12ന് ഇത്തരം ബിരുദങ്ങള്‍ അംഗീകരിച്ച് ഉത്തരവിറക്കി.
മാത്രമല്ല, അംഗീകാരമുള്ള ബിരുദമെന്ന നിലയില്‍ ഇവര്‍ക്ക് എഐസിടിഇ സ്കീം പ്രകാരമുള്ള ശമ്പളവും ആനുകൂല്യവും നല്‍കാനും തീരുമാനിച്ചു. സര്‍ക്കാരിന്റെ നടപടി പോളിടെക്നിക്ക് സ്ഥാപനങ്ങളുടെ നിലവാരത്തകര്‍ച്ചക്ക് കാരണമാകുമെന്നും തികഞ്ഞ അധികാര ദുര്‍വിനിയോഗമാണിതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. അനധികൃത മാസ്റ്റര്‍ ബിരുദങ്ങള്‍ക്ക് അംഗീകാരമില്ലെന്ന് പ്രഖാപിക്കണം, ഇവയ്ക്ക് അംഗീകാരം നല്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: