ആലപ്പുഴ: ശമ്പളം നല്‍കാനുള്ള വിറ്റുവരവ് പോലും ഇല്ലാത്ത സാഹചര്യത്തില്‍ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് പൂട്ടു വീഴുന്നു. ആകെയുള്ള 106 ഔട്ട്ലെറ്റുകളില് ആറെണ്ണം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവയില്‍ പലതിലും ശമ്പളം കൊടുക്കാനുള്ള വിറ്റുവരവ് പോലുമില്ല.
തീര്‍ത്തും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടാനും പകരം വിപണനസാധ്യതയുള്ള ഇടങ്ങളില്‍ തുറക്കാനുമാണ് തീരുമാനം. എറണാകുളം ജില്ലയില്‍ രണ്ട് ഔട്ട്ലെറ്റുകള് കഴിഞ്ഞ മാസം പൂട്ടി. മൂന്നരലക്ഷം രൂപയില്‍ താഴെ മാസവരുമാനമുള്ളവയെല്ലാം പൂട്ടണമെന്ന് നേരത്തെ നിയമസഭാ കമ്മിറ്റിയുടെ നിര്‍ദേശമുണ്ടായിരുന്നു. അതുപരിഗണിച്ചാല് പകുതിയോളം സ്റ്റോറുകളും നിര്‍ത്തേണ്ടി വരുമായിരുന്നു. എന്നാല്‍ ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവ പൂട്ടാനാണ് ഇപ്പോഴത്തെ താരുമാനം എന്നറിയുന്നു.
ചാര്‍ജ് ഓഫീസര്‍ക്ക് മാത്രം അന്‍പതിനായിരം മുതല്‍ എഴുപതിനായിരം വരെയാണ് ശമ്പളം ഇനത്തില്‍ വേണ്ടി വന്നിരുന്നത്. കരാറടിസ്ഥാനത്തിലുള്ള രണ്ട് ഫാര്‍മസിസ്റ്റുകള്‍ക്ക് 40,000 രൂപയാകും. ഹെല്‍പ്പറുടെ ശമ്പളം, കെട്ടിട വാടക, വൈദ്യുതി ചാര്‍ജ് എല്ലാം കൂടിയാകുമ്പോള്‍ ഭീമമായ ബാധ്യതയാണ് ഉണ്ടായത്. 25 ശതമാനം വരെ സബ്സിഡിയിലാണ് സപ്ലൈകോ മാവേലി മെഡിക്കല്‍ സ്റ്റോറുകളിലൂടെ മരുന്നുകള്‍ വില്പന നടത്തുന്നത്.
അഞ്ചുലക്ഷത്തില്‍ കൂടുതല്‍ വരുമാനമില്ലാത്ത ഔട്ട്ലെറ്റുകളിലെ സപ്ലൈകോയുടെ സ്ഥിരം ജീവനക്കാരായ ചാര്‍ജ് ഓഫീസര്‍മാരെ ഒഴിവാക്കി ചെലവുചുരുക്കലിന് ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. മരുന്നുകളുടെ ലഭ്യത കുറവാണ് മറ്റൊരു പ്രതിസന്ധി. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലേത് പോലെ എല്ലാത്തരം മരുന്നുകളും ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ഭൂരിഭാഗം മരുന്നും പ്രാദേശികമായി വാങ്ങുകയാണ് പതിവ്. അതിനാല്‍ മാര്‍ജിന്‍ കുറവാണ്. ഇതിനുപകരം കമ്പനികളില്‍ നിന്ന് മരുന്നുകള്‍ നേരിട്ട് വാങ്ങണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും നടപടിയുണ്ടാകുന്നില്ല.
ജിഎസ്ടി നടപ്പായ ശേഷം സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളേക്കാള്‍ വിലക്കുറവില്‍ മരുന്നുകള്‍ ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. ഈ സാഹചര്യത്തില്‍ സ്വകാര്യമേഖലയോട് പിടിച്ചു നില്ക്കാന് കഴിയാത്ത സാഹചര്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: