മുക്കം (കോഴിക്കോട്): സുസ്ഥിരഭരണത്തിന് നരേന്ദ്രമോദി തന്നെ അധികാരത്തില്‍ വരണമെന്നും യുപിഎ അധികാരത്തിലെത്തിയാല്‍ റൊട്ടേഷന്‍ പ്രധാനമന്ത്രിമാര്‍ ആയിരിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. മുസ്ലിംലീഗിനും ജമാഅത്തെ ഇസ്ലാമിക്കും പിഡിപിക്കും സെക്കുലര്‍ പാര്‍ട്ടി എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കൈയില്‍ മുസ്ലിംലീഗിന്റെ പതാകയും മറുകയ്യില്‍ മതേതരത്വത്തിന്റെ പതാകയും പിടിക്കുന്നതാണ് കോണ്‍ഗ്രസ് സംസ്കാരം. ജമ്മുകാശ്മീരിലെ വിഘടനവാദികളോടും തീവ്രവാദികളോടും സന്ധി ചെയ്യുന്നതാണ് യുപിഎയുടെ പ്രകടനപത്രിക. കോണ്‍ഗ്രസ് എപ്പോഴും വിഘടനവാദികളോടും തീവ്രവാദികളോടും ചേര്‍ന്ന് നില്‍ക്കുകയാണ്. ജമാഅത്തെ ഇസ്ലാമിക്ക് അനധികൃതമായി വന്നിരുന്ന ഫണ്ടുകള്‍ നിര്‍ത്തലാക്കിയത് മോദി സര്‍ക്കാരാണ്. മോദി തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് അവരുമായി സന്ധി ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അതിന് തടയിടാനാണ് ശ്രമിക്കുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയപ്പോള്‍ നമ്മുടെ സൈന്യം പാക്കിസ്ഥാനിലെ ഉറിയില്‍ ചെന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത് പാക്കിസ്ഥാന് ഓര്‍മയുണ്ട്. പുല്‍വാമയില്‍ ആക്രമണം നടത്തിയപ്പോള്‍ ബലാകോട്ടില്‍ നമ്മുടെ പട്ടാളം ഭീകരകേന്ദ്രം തന്നെ നശിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും മുസ്ലിംലീഗും അതിനു തെളിവ് ചോദിക്കുകയാണ്, നഖ്വി പറഞ്ഞു.
ഇന്ന് നമ്മുടെ നാട് സുരക്ഷിത കരങ്ങളില്‍ ആണ്. പെര്‍ഫക്റ്റ് പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി ആണെന്ന് ഓരോ ഇന്ത്യക്കാരനും അറിയാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഇന്ത്യക്കാര്‍ മാത്രമല്ല പാക്കിസ്ഥാനികളും ഈ തെരഞ്ഞെടുപ്പിനെ നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് രാഹുലിനെ പിഡിപിയും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും പിന്തുണയ്ക്കുന്നതന്നും മുക്താര്‍ അബ്ബാസ് നഖ്വി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: