നാടെങ്ങും തന്റെ പ്രതിമകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് കൈവണങ്ങാനും മാലയിടാനും അവസരമൊരുക്കിയ നേതാവാണ് ബഹന്‍ജി. പലകുറി യുപി ഭരിച്ചുഭരിച്ച് കീശ വീര്‍പ്പിച്ചു. അതൊന്നും പോരാഞ്ഞ് നാട്ടിലെങ്ങും തന്റെ പാര്‍ട്ടിയായ ബിഎസ്പിയുടെ ചിഹ്നമായ ആനയുടെ പ്രതിമകളും വച്ചു. ജനത്തിന് ആനയെ കാണാന്‍ മോഹമുണ്ടാകുമ്പോള്‍ ഓടിവന്ന് പ്രതിമ കണ്ടാല്‍ മതിയല്ലോ…!
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആ ചായക്കാരന് മോദി വന്ന് യുപിയിലെ ഉള്ള സീറ്റു മുഴുവന്‍ തൂത്തുവാരി, പിന്നെ വന്നത് ഒരു യോഗിയാണത്രേ. കാവിയണിഞ്ഞു വന്ന കക്ഷിയും കൊണ്ടുപോയി ഭരണം. നാലു തവണ യുപി ഭരിച്ച ബഹന്‍ജിയുടെ ഒരു ഗതികേടേ…. അങ്ങനെ കാറ്റുപോയ ബലൂണ്‍ പോലെ നടക്കുമ്പോഴാണ് വീണ്ടും ദാ ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്നത്. ഇനി തേരാപ്പാര നടക്കാന്‍ തീരെ താല്‍പ്പര്യമില്ല. ജനത്തെ സേവിക്കാനും അങ്ങനെ സേവിച്ച് സേവിച്ച് പത്തു കാശ് വാരാനുമുള്ള അവസരം ഇല്ലാതാക്കാന്‍ ആവില്ല. അങ്ങനെ മുലായം സിങ്ജിയുടെ മകന് അഖിലേഷ് യാദവനൊപ്പം ഒരു സഖ്യമങ്ങ് ഉണ്ടാക്കി. അച്ഛന് യാദവന്റെ അനിഷ്ടം വകവെക്കാതെയാണ് മകന് യാദവന് മായാവതി ബഹനുമായി കൂട്ടുകൂടിയതെന്നാണ് അങ്ങാടിയിലെ സംസാരം.
ഏതായാലും ബലമൊന്നു കൂടിയെന്ന് തോന്നിയതോടെ ബഹന്‍ജിയുടെ മനവുമൊന്ന് തുള്ളിത്തുടങ്ങി. നാലു തവണ മുഖ്യമന്ത്രിയായതല്ലേ, ഇനി മോദിജിയെ മാറ്റി ഒന്ന് പ്രധാനമന്ത്രി ആയാലോ? ബഹന്‍ജിയുടെ ആഗ്രഹമല്ലേ അഖിലേഷിനും വലിയ എതിര്‍പ്പൊന്നുമുണ്ടാവില്ല. പ്രധാനമന്ത്രിയാകാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അന്നേരം പോയി കുപ്പായം തുന്നാനാവില്ലല്ലോ… അതിനാല്‍ കക്ഷി കുപ്പായം തുന്നിത്തുടങ്ങി. കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് ചെന്നിരുന്നു നമ്മുടെ വല്ലേ്യച്ചി. അവിടെ പത്രക്കാരെ കണ്ടപ്പോഴാണ് പ്രധാനമന്ത്രിയുടെ കുപ്പായം തുന്നാല്‍ ഏല്‍പ്പിച്ച കാര്യം വെൡപ്പെടുത്തിയത്. ‘എന്റെ കാലത്താണ് യുപി മികച്ച സംസ്ഥാനമായത്, അവിടെ തേനും പാലും ഒഴുകിയത്. പ്രതിമകള്‍ കണ്ട് ജനം വിശപ്പ് മാറ്റിയത്. ഇനി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവസരം ലഭിച്ചാല്‍ രാജ്യത്തിന്റെ പുരോഗതിക്ക് തങ്ങള്‍ (എന്നുവച്ചാല്‍ താന്‍) വലിയ കര്‍മപദ്ധതികള്‍ തയാറാക്കും, രാജ്യസുരക്ഷയിലും ക്ഷേമത്തിലും ഊന്നിയാകും പ്രവര്‍ത്തനം… താന്‍ പ്രധാന്രന്തിയായാല് ഇതൊക്കെ ചെയ്യുമെന്ന് ഊന്നിയൂന്നി പറഞ്ഞില്ല എന്നു മാത്രം.
രാഹുല്‍ജി, ദേവഗൗഡാജി, മമതാ ദീദി തുടങ്ങിയവരൊക്കെ കുപ്പായം തയ്ച്ച് പെട്ടിയില്‍ വച്ചിട്ടുണ്ട്. ഇപ്പോള്‍ ബഹന്‍ജിയും… കുപ്പായം തുന്നാന്‍ തുണിവാങ്ങിവെച്ചിരിക്കുന്നവര് ഇനിയുമുണ്ട്. വരട്ടെ പാക്കലാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: