ആലപ്പുഴ: സിപിഎമ്മുകാര്‍ എറണാകുളം പൂത്തോട്ടയില്‍ മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്തതും, കണ്ണൂരില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചതും യാദൃച്ഛികമല്ല. നവോത്ഥാന കേരളത്തിന്റെ യഥാര്‍ത്ഥ തുടക്കക്കാരായ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളെ എന്നും ശത്രുപക്ഷത്ത് നിര്‍ത്തിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളത്.
കേരളത്തെ അവിശ്വാസികളുടെ ആധിപത്യത്തില്‍ കൊണ്ടുവരാനുള്ള ഇക്കൂട്ടരുടെ സ്വപ്നങ്ങള്‍ തകര്‍ത്തത്, ഗുരുദേവനും, മഹാത്മാ അയ്യങ്കാളിയും, മന്നവും തുടങ്ങി വെച്ച നവോത്ഥാനപ്രസ്ഥാനങ്ങളും, സാമൂഹ്യപരിഷ്ക്കരണങ്ങളുമായിരുന്നു. പുന്നപ്ര -വയലാര്‍ സമരത്തിലൂടെ തിരുവിതാംകൂറിനെ ചോരയില്‍ ചുവപ്പിച്ച് കമ്മ്യൂണിസം വ്യാപിപ്പിക്കാനുള്ള നീക്കം തകര്‍ത്തത് അന്ന് ആര്. ശങ്കറും, എസ്എന്‍ഡിപിയും ഒക്കെയായിരുന്നു. അതിനാല്‍ എസ്എന്‍ഡിപിയേയും, ശ്രീനാരായണ പ്രസ്ഥാനങ്ങളെയും കമ്മ്യൂണിസ്റ്റുകാര്‍ ശത്രുപക്ഷത്താക്കി.
പട്ടികജാതി വിഭാഗത്തെ വെറും വോട്ടുകുത്തികളാക്കി കൂടെ കൂട്ടി വഞ്ചിച്ചു. അവര്‍ ചതി തിരിച്ചറിഞ്ഞതോടെ കെപിഎംഎസിനെ പല കഷണങ്ങളാക്കി ഭിന്നിപ്പിച്ചു. പോരാത്തതിന് പട്ടികജാതി ക്ഷേമസമിതിയും, ആദിവാസക്ഷേമ സമിതിയും രൂപീകരിച്ച് അവരെ അവഹേളിച്ചു. എന്നിട്ടും കലി അടങ്ങാത്ത സിപിഎം നാരായണഗുരുവിനെയും മഹാത്മാ അയ്യങ്കാളിയെയും അവഹേളിച്ച് പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികവിഭാഗങ്ങളുടെയും ആത്മാഭിമാനത്തെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ്.
എറണാകുളത്തെ സിപിഎം സ്ഥാനാര്‍ഥി പി. രാജീവിന് വേണ്ടി കെപിഎംഎസിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതിരുന്നതിനാണ് പൂത്തോട്ടയിലെ അയ്യങ്കാളിയുടെ പ്രതിമ സഖാക്കള്‍ തകര്‍ക്കാന്‍ കാരണം. നവോത്ഥാന മതില് തീര്‍ക്കാന്‍ സിപിഎമ്മിന് വേണ്ടി ഏറെ അദ്ധ്വാനിച്ച സമുദായ നേതാക്കളും, സാസ്ക്കാരിക നായകരും, സ്വത്വ വാദികളും പക്ഷെ സംഭവം അറിഞ്ഞ മട്ടില്ല. സിപിഎമ്മിലെ തമ്പ്രാക്കള്‍ക്ക് മുന്നില്‍ ഇവര്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണ്. മഹാത്മാ അയ്യങ്കാളിയെ ഒരു കാലത്തും നവോത്ഥാന നായകനായി സിപിഎം അംഗീകരിച്ചിട്ടില്ല. ഭൂമിക്ക് വേണ്ടി സമരം നയിച്ച മഹാനായ അയ്യങ്കാളിയെ ഇഎംഎസ് എഴുതിയ മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ കേരള ചരിത്രം എന്ന 400 പേജുള്ള പുസ്തകത്തില്‍ ഒരിടത്തു പോലും പരാമര്‍ശിക്കാനുള്ള ഔദാര്യം പോലും കാണിച്ചില്ല.
ശ്രീനാരായണ ഗുരുവിനെ സിമന്റ് നാണു എന്ന് വിളിച്ച് തെരുവ് തോറും അപമാനിച്ച സിപിഎം എക്കാലവും ശ്രീനാരായണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇഎംഎസിന്റെ കാഴ്ചപ്പാടില്‍ ‘ബൂര്‍ഷ്വാ ദേശീയ പ്രസ്ഥാനത്തിന്റെ’ കേരളത്തിലെ വക്താവും, ബൂര്‍ഷ്വാ ചിന്തകനും ആയിരുന്നു. ശിവഗിരി മഠത്തിലേക്ക് ക്ഷണം നിരസിച്ച നമ്പൂതിരിപ്പാട് അതിനുള്ള ന്യായീകരണമായി പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘ശിവഗിരി മഠം ഞാന്‍ സന്ദര്‍ശിച്ചാല്‍ അത് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന തെറ്റായ സന്ദേശം ജനങ്ങളിലേക്ക് എത്തിപ്പെടും. അതുകൊണ്ട് ക്ഷണം ഞാന്‍ നിരസിക്കുന്നു’.
ഗുരുദേവനെ ആക്ഷേപിക്കല്‍ തുടര്‍ന്ന സിപിഎമ്മുകാര്‍ പലയിടത്തും ഗുരുദേവ പ്രതിമകള്‍ അടിച്ചുതകര്‍ത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2015-ല്‍ കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ചും, കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയും സിപിഎമ്മുകാര്‍ അവരുടെ ഗുരുനിന്ദയും ഗുരുവിനോടുള്ള വിദ്വേഷവും പ്രകടമാക്കി. തെരഞ്ഞെടുപ്പ് കാലയളവിലും നവോത്ഥാന നായകരുടെ ഓര്‍മകളെ പോലും അധിക്ഷേപിക്കുന്ന സിപിഎം സംഘടിത മതവിഭാഗങ്ങളുടെ തിണ്ണനിരങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: