തൃശൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് നടത്തിയ മോശം പരാമര്‍ശം സംബന്ധിച്ച പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. വനിതാ പോലീസ് സംഘം ആലത്തൂരിലെത്തി രമ്യയുടെ മൊഴിയെടുത്തു. തിരൂര്‍ ഡിവൈഎസ്പി ടി.ബിജു ഭാസ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
രമ്യയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്കിയ പരാതികളെ തുടര്‍ന്നാണ് നടപടി. പ്രതിപക്ഷ നേതാവ് ഡിജിപി ലോക്നാഥ് ബെഹ്റക്കാണ് പരാതി നല്‍കിയത്. തൃശൂര്‍ ഐജി ബല്‍റാംകുമാര്‍ ഉപാധ്യായയോട് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. തുടര്‍ന്ന് അന്വേഷണ ചുമതല തിരൂര്‍ ഡിവൈഎസ്പിയെ ഏല്‍പ്പിച്ച് ഐജി പരാതി കൈമാറി.
ലൈംഗികച്ചുവയോടെ സംസാരിച്ചതിന് കേസെടുക്കണമെന്നാണ് പരാതികളിലെ ആവശ്യം. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354 എ (1) (4) അനുസരിച്ചും പട്ടിക വിഭാഗക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ചും വിജയരാഘവനെതിരെ കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
എ. വിജയരാഘവന് കോഴിക്കോട്ടും പൊന്നാനിയിലും നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രമ്യാ ഹരിദാസ് ആലത്തൂര്‍ ഡിവൈഎസ്പിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പി പരാതി മലപ്പുറം എസ്പിക്ക് കൈമാറി. തുടര്‍ന്നാണ് അന്വേഷണ ചുമതല തിരൂര്‍ ഡിവൈഎസ്പിയെ എസ്പി ഏല്‍പ്പിച്ചത്. രമ്യാ ഹരിദാസിന്റെ മൊഴി കൂടി രേഖപ്പെടുത്തി രണ്ടു ദിവസത്തിനകം മലപ്പുറം എസ്പിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
അതേസമയം സംഭവത്തില്‍ വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് കമ്മീഷന് ലോ ഓഫീസറോട് റിപ്പോര്‍ട്ട് തേടി. എ. വിജയരാഘവന് ജാഗ്രത കുറവുണ്ടായെന്ന് കമ്മീഷന് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ കമ്മീഷന് നിയമോപദേശവും തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: