ന്യൂദല്‍ഹി: പഴയതു പോലെ ജമ്മുകശ്മീരിന് പ്രത്യേക പ്രധാനമ്രന്തി വേണമെന്നും ജമ്മുകശ്മീരും ഇന്ത്യയും തമ്മിലുള്ള ബന്ധം 1953നു മുന്‍പുള്ള അവസ്ഥയിലേക്ക് മാറ്റണമെന്നുമുള്ള നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന വിവാദത്തില്‍. മുഖ്യമന്ത്രിക്കു പകരം വസീര്‍ ഇ അസം (പ്രധാനമന്ത്രി) എന്ന പദവിയാണ് മുന്‍പ് ഉണ്ടായിരുന്നതെന്നും ആ അവസ്ഥയിലേക്ക് പോകണമെന്നുമാണ് ഒമര്‍ പറഞ്ഞത്.
കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന് ഒമര്‍ പറയുന്നു. ഒമറിന്റെ കൂട്ടുകാര്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നു. എന്നാല്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ചൂണ്ടിക്കാട്ടി. ഈ ആവശ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടോയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ വ്യക്തമാക്കണം. ഉത്തരകാശിയിലെ തെഹ്രിയില് തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന ആവശ്യത്തെ ബിജെപി പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. ഞങ്ങള്‍ ജീവനോടെയുണ്ടെങ്കില്‍ ഇത് അനുവദിക്കില്ല. അമിത് ഷാ പറഞ്ഞു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പിനെ നഖശിഖാന്തം എതിര്‍ത്ത ശ്യാമപ്രസാദ് മുഖര്‍ജിയുടെ മഹാത്യാഗത്തെ നാം അനുസ്മരിക്കണം. അദ്ദേഹത്തിന്റെ പാതയാണ് നാം പിന്തുടരുന്നത്.
സൈന്യത്തിനുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുമെന്നും മനുഷ്യാവകാശ സംരക്ഷണത്തിന് സൈന്യത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുമെന്നും രാജ്യദ്രോഹനിയമം തന്നെ നീക്കുമെന്നും ഒക്കെ വാഗ്ദാനം ചെയ്യുന്ന കോണ്‍ഗ്രസിന്റെ പ്രകടനപത്രിക വന്ന ദിവസം തന്നെയാണ് ഈ നേതാക്കള്‍ ഇത്തരം അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള പാര്‍ട്ടിയാണ് നാഷണല്‍ കോണ്‍ഫറന്‍സ്.
രാജ്യദ്രോഹ നിയമം നീക്കുന്നതിനെ എതിര്‍ക്കും
തെഹ്രി: തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹ നിയമം എടുത്തു കളയുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
നിങ്ങള്‍ ആരെയാണ് സംരക്ഷിക്കുന്നത്. ജെഎന്‍യുവിലെ ചില വിദ്യാര്‍ഥികള്‍ നമ്മുടെ രാജ്യത്തെ ആയിരം കഷണങ്ങളാക്കി മുറിക്കുമെന്ന് മുദ്രാവാക്യം മുഴക്കി. അന്നും കോണ്‍ഗ്രസ് നിശബ്ദമായിരുന്നു. രാജ്യദ്രോഹക്കുറ്റം ചെയ്തവരെ രക്ഷിക്കാനാണോ നിങ്ങളുടെ ശ്രമം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമങ്ങളും എടുത്തുകളയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാനാവില്ല, ഞങ്ങള്‍ സൈന്യത്തിനൊപ്പം പാറപോലെ ഉറച്ചുനില്‍ക്കുകയാണ്. അദ്ദേഹം തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: