കൊല്ലം: സ്ത്രീധന പീഡനത്തെതുടര്‍ന്ന് ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ മാസം 21നാണ് ഓയൂര്‍ കുരിശുമൂട് ചരുവിള വീട്ടില്‍ ചന്തുലാലിന്റെ ഭാര്യ തുഷാര പീഡനത്തിനിരയായി മരിച്ചത്. തുഷാരയുടെ ഭര്‍ത്താവ് ചന്ദുലാല്‍, ഭര്‍ത്തൃമാതാവ് ഗീതാലാല്‍ എന്നിവര്‍ കുറ്റം സമ്മതിച്ചു.
കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് തുഷാരയെ പട്ടിണിക്കിട്ടതായി ഇരുവരും സമ്മതിച്ചത്. രണ്ട് ലക്ഷം രൂപ സ്ത്രീധനമായി നല്‍കാമെന്ന് ഏറ്റിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും അത് നല്കാന് തയാറായില്ലെന്നും ഇതിന്റെ പേരില്‍ തുഷാരയെ ഇവര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും പ്രതികള്‍ സമ്മതിച്ചു.
തുഷാരയെ മര്‍ദിച്ചിരുന്നെന്നും ചന്തുലാല്‍ മൊഴി നല്കി. ന്യുമോണിയ ബാധിതയായിരുന്ന തുഷാരയ്ക്ക് മതിയായ ചികിത്സ നല്‍കിയിരുന്നില്ലെന്നും പ്രതികള്‍ പറഞ്ഞു. ന്യുമോണിയ ബാധിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോവാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പ്രതികള്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. ഇരുവരേയും പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
സംഭവത്തിന് ശേഷം അയല്‍ക്കാരുടേയും നാട്ടുകാരുടേയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നു. തുഷാരയുടെ ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും മന്ത്രവാദം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. സ്ത്രീധന പീഡനത്തിനൊപ്പം കൊലപാതകം, പട്ടിണിക്കിടല്‍, മര്‍ദനം, അന്യായമായി തടങ്കലില്‍ വെക്കല്‍, പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: