മാവേലിക്കര: ആചാരസംരക്ഷകര്‍ക്ക് വോട്ടു ചെയ്യാന്‍ ഹിന്ദുസമൂഹം തയാറാകണമെന്ന് ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്സണും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റുമായ കെ.പി. ശശികല ടീച്ചര്‍. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മഹിളാശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ശബരിമലയില്‍ വിശ്വാസിലക്ഷങ്ങളുടെ കണ്ണീരാണ് ആറുമാസമായി ഒഴുകിയത്. അയ്യപ്പന്റെ ദിവ്യസന്നിധിയില്‍ ആചാരലംഘനത്തിന് ചുക്കാന്‍ പിടിച്ച ഇടതുഭരണകൂടത്തിനെതിരെ പ്രതികരിക്കാനുള്ള സമയമായി. ആചാരലംഘനം തടഞ്ഞവരെ കള്ളക്കേസുകളില്‍ കുടുക്കി ഇല്ലാതാക്കാനാണ് നീക്കം. ഈ തെരഞ്ഞെടുപ്പ് വിശ്വാസിസമൂഹത്തെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പ്രശ്നമാണ്. ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്തുകൊണ്ട് വിശ്വാസിസമൂഹത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ വിധിയെഴുത്തുണ്ടാകണം. ആചാരസംരക്ഷണത്തിനായി അവസാനം വരെയും നിലകൊണ്ടവരെ അധികാരത്തിലെത്തിക്കാന്‍ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്നും ടീച്ചര്‍ പറഞ്ഞു.
മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അംബികാദേവി അധ്യക്ഷയായി. സമ്മേളനത്തില്‍ മഹിള ഐക്യവേദി നേതാക്കളായ രാധ, രജനി ഷിബി കുമാര്‍, മഹിളാമോര്‍ച്ച നേതാക്കളായ ശോഭാ രവീന്ദ്രന്, ശാന്തകുമാരി, പൊന്നമ്മ സുരേന്ദ്രന്, ബാലഗോകുലം മേഖല ഭഗിനി പ്രമുഖ് പ്രിയ ബാബു, ബിഡിജെഎസ് നേതാക്കളായ സുനിതരവി, സുജ സുരേഷ്, വിഎച്ച്പി ജില്ല നേതാവ് ഗിരിജകുമാരി, ആര്‍ട്ട് ഓഫ് ലിവിങ് താലൂക്ക് സംയോജക ജീജാ വിശ്വംഭരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: