കൊച്ചി: ശബരിമലയെയും വിശ്വാസികളെയും തകര്‍ക്കുകയാണ് പിണറായി വിജയന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ലക്ഷ്യമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്. വിശ്വാസ സംരക്ഷണത്തിനായി നിലകൊണ്ടതിനാണ് താനടക്കുമുള്ള നേതാക്കള്‍ക്കെതിരെ നിരവധി കേസുകള്‍ എടുത്തിരിക്കുന്നത്.
സമാധാനപരമായി നടന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിനും തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തിയതിനും തനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതെല്ലാം പിണറായി വിജയന് നേരിട്ട് ഒത്താശ ചെയ്ത് എടുപ്പിച്ച കേസുകളാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷം തങ്ങളടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്നു വ്യക്തമാക്കണം.
കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്ന് ബിജെപിയെ തോല്പിക്കാന് ശ്രമിക്കുന്ന ഇടതുപക്ഷം വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത് കാപട്യമാണ്. ഇത് എല്‍ഡിഎഫ് -യുഡിഎഫ് കള്ളക്കളിയുടെ ഭാഗമാണ്. ചാലക്കുടി ലോകസഭ മണ്ഡലത്തിലെ ജനങ്ങളുമായി നടത്തിയ ആശയവിനിമയത്തില്‍ നിന്ന് മണ്ഡലത്തിലെ ആവശ്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ബിജെപി വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ അവ നടപ്പാക്കും.
അവയില്‍ ഒന്നാമത്തേത് കാലടി, മലയാറ്റൂര്‍ പള്ളി, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ്, കൊടുങ്ങല്ലൂര്‍ അമ്പലം എന്നിവ ചേര്‍ത്തുള്ള പില്‍ഗ്രിം ടൂറിസം പദ്ധതിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം നടപ്പാകാത്ത ശബരി റെയില്‍ യാഥാര്‍ത്ഥ്യമാക്കും. ഗംഗാ ശുചീകരിച്ച മാതൃകയില്‍ പെരിയാറിനെ ശുചീകരിക്കും. കൊച്ചി നഗരമടക്കമുള്ള വിവിധ പ്രദേശങ്ങളിലേയ്ക്ക് ജലം എത്തിക്കുന്നത് പെരിയാറില്‍ നിന്നാണ്. അതിനാല്‍ പെരിയീറിന്റെ ശുചീകരണം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: