കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു. ഫാ. ജോഷി പാദുവ, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവരും തൃക്കാക്കര മജിസ്ട്രേറ്റ് കോടതി എടുത്ത കേസില്‍ പ്രതിയാണ്.
പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നും മെയ് 22ന് കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുക്കാനും ഉത്തരവിട്ട് കോടതി സമന്‍സ് അയച്ചു. സിറോ മലബാര്‍ സഭയുടെ ഉടമസ്ഥതയില്‍ വിവിധ പ്രദേശങ്ങളിലുളള ഭൂമികളുടെ വില്‍പ്പനയില്‍ കോടികളുടെ നഷ്ടം സഭയ്ക്കുണ്ടായെന്ന് കാണിച്ച് സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് നടപടി.
ഭാരത് മാതാ കോളേജിന് മുന്പിലെ ഭൂമി വില്‍പ്പനയില്‍ കോടികളുടെ നഷ്ടമുണ്ടായി, ബന്ധപ്പെട്ട സഭാസമിതികളുമായി കൂടിയാലോചിക്കാതെയായിരുന്നു നടപടികള്‍, ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെയും സാക്ഷിയുടെയും മൊഴിയില്‍നിന്ന് ഭൂമി ഇടപാടുകളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.
വ്യാജ രേഖ ഉണ്ടാക്കാല്‍, ഗൂഢാലോചന, തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വിവാദ ഭൂമി ഇടപാടില്‍ ആദായ നികുതി വകുപ്പ് മൂന്നു കോടി രൂപ പിഴ ചുമത്തിയിരുന്നു. ആദ്യഘട്ടമായി 51 ലക്ഷം രൂപ സഭയടച്ചു. ഭൂമിയുടെ ന്യായവില കുറച്ചുകാണിച്ചതിനായിരുന്നു നടപടി. സെന്റിന് 16 ലക്ഷം രൂപ നിരക്കില്‍ 60 സെന്റ് വിറ്റതിന്റെ കരാര്‍ രേഖകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.
സ്ഥലമിടപാടില്‍ 15 കോടിയുടെ വെളിവാക്കാത്ത വരവ് (സപ്രസ്ഡ് ഇന്‍കം) ഉണ്ടായെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍. പിഴയും പിഴപ്പലിശയും ചേര്‍ത്താണ് മൂന്നു കോടി പിഴയിട്ടത്. സ്ഥലമിടപാടുകാരായ വി.കെ. ഗ്രൂപ്പ്, സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്ക് പത്തുകോടി പിഴയിട്ടിട്ടുണ്ട്. ഇവരാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപത ആദായനികുതി വകുപ്പിന് പിഴയടച്ചു എന്ന രീതിയിലുള്ള പ്രചാരണം തെറ്റാണന്ന് അതിരൂപത വക്താവ് ഫാ. പോള്‍ കരേടന് അറിയിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ അതിരൂപതയ്ക്കു സ്ഥല വില്‍പ്പനയിലൂടെ ലഭിച്ച വരുമാനത്തില്‍ സ്വാഭാവികമായി നല്‍കേണ്ട നികുതിയിനത്തിലെ ആദ്യ ഗഡുവായ 50 ലക്ഷം രൂപയാണ് ആദായ നികുതി വകുപ്പിനു കൊടുത്തത്. വരുമാനം സംബന്ധിച്ചു നിയമപരമായി അതിരൂപത റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് നിര്‍ദേശിച്ച തുകയാണ് കഴിഞ്ഞ ദിവസം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: