തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും, മതവികാരം വൃണപ്പെടുത്തി എന്ന കേസുകളിലാണ് രണ്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാമ നിര്‍ദ്ദേശ പത്രികയ്ക്കൊപ്പം തരൂര്‍ നല്കിയ സത്യവാങ് മൂലത്തിലാണ് ഇതുസംബന്ധിച്ച് അറിയിച്ചിരിക്കുന്നത്.
കൂടാതെ ശശി തരൂരിന് 35 കോടിയുടെ ആസ്തിയുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. 5.88 കോടിയുടെ ബാങ്ക് നിക്ഷേപവും മറ്റ് നിക്ഷേപങ്ങളായി 15.32 കോടിയും അദ്ദേഹത്തിനുണ്ട്.
കൈവശം പണമായി 25,000 രൂപയും തരൂരിന്റെ പക്കലുണ്ട്. 38 ലക്ഷം രൂപവില വരുന്ന 1142 ഗ്രാം സ്വര്‍ണവും, 45 ലക്ഷത്തിന്റെ സ്വയാര്‍ജ്ജിത സ്ഥാവര വസ്തുക്കളുമുണ്ട്. ഇവയുടെ ഏകേദശ കമ്പോള വില 95 ലക്ഷമാണ്. പിന്തുടര്ച്ചയായി കിട്ടിയ ആസ്തിയുടെ ഏകദേശ കമ്പോള വില അഞ്ച് ലക്ഷമാണ്. ആറ് ലക്ഷം രൂപ മതിപ്പ് വില വരുന്ന മാരുതി സിയസും, 75,000 രൂപ വില വരുന്ന പഴയൊരു ഫിയറ്റ്ലിനിയയും തരൂരിനുണ്ട്.
അതേസമയം ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ പേരില്‍ ഏഴ് ക്രിമിനല്‍ കേസുകളും രണ്ട് വിജിലന്‍സ് കേസുകളുമുണ്ട്. അടൂര്‍ പ്രകാശിന് 14.46 കോടിയുടെ സ്വത്തും 2.76 കോടിയുടെ ബാധ്യതയുമുണ്ടെന്ന് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അടൂര്‍ പ്രകാശിന്റെ കൈവശം 14,250 രൂപയും ഭാര്യയുടെ കൈവശം 6500 രൂപയുമുണ്ട്. സ്വന്തമായി 18.5 ലക്ഷവും ഭാര്യയ്ക്ക് 6.86 ലക്ഷവും നിക്ഷേപമുണ്ട്. ഭാര്യയുടെ കൈവശം 19 ലക്ഷം രൂപയുടെ 950 ഗ്രാം സ്വര്‍ണമുണ്ട്. നാല് ലക്ഷം രൂപയുടെ 2008 മോഡല്‍ ഇന്നോവ കാറും രണ്ട് ലക്ഷം രൂപ വിലയുള്ള 2006 മോഡല്‍ ബൊലേറോ ജീപ്പും അദ്ദേഹത്തിനുണ്ട്. ഭാര്യയ്ക്ക് 21 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: