പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി. ഐമുറി പുതിയേടത്ത്വീട്ടില് ബാലകൃഷ്ണന്‍നായരുടെ മകന് രഞ്ജിത് (40) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പിതാവ് ബാലകൃഷ്ണന് പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്കി.
ശനിയാഴ്ച രാത്രി 11.30ന് രഞ്ജിത് സഞ്ചരിച്ച ബൈക്ക് പെരുമ്പാവൂര്‍ യൂണിയന് ബാങ്കിനു മുന്‍വശത്തെ മതിലിലിടിച്ചാണ് അപകടമുണ്ടായത്. മതിലിലൂടെ കുറച്ചധികംദൂരം ഉരഞ്ഞ് നീങ്ങിയ ബൈക്ക് മുന്‍വശത്തുള്ള വൈദ്യുതപോസ്റ്റില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിതിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
എന്നാല്‍, അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് രഞ്ജിതിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും പറയുന്നത്. ചുവന്നനിറത്തിലുള്ള കാറ് ബൈക്കിന്റെ പിന്നില്‍ വന്നിടിച്ചതാണ് അപകടകാരണമെന്നാണ് ഇവരുടെ പരാതി. അടിമാലി സ്വദേശിയായ ഒരു ദൃക്സാക്ഷിയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. മറ്റേതോ വാഹനം മനപ്പൂര്‍വം മതിലിനരികിലേക്ക് ബൈക്കിനെ കൊണ്ടുപോയി അപകടത്തില്‍പ്പെടുത്തിയതാണെന്ന സംശയവും ഇവര്‍ ഉയര്‍ത്തി. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി പരിസരത്ത്വച്ച് മൂന്ന് യുവാക്കളുമായി ചെറിയ കശപിശയുണ്ടായെന്നും ഇതേക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും രഞ്ജിതിന്റെ അമ്മാവന് ആവശ്യപ്പെട്ടു.
നവമാധ്യമ രംഗത്ത് സജീവമായിരുന്നു രഞ്ജിത്. ഹിന്ദുത്വത്തിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളെക്കുറിച്ച് മുഖം നോക്കാതെ നവ മാധ്യമങ്ങളിലൂടെ മറുപടി നല്കുന്ന സ്വഭാവവും രഞ്ജിത്തിനുണ്ടായിരുന്നു. ചില ഇസ്ലാമിക തീവ്രവാദ സംഘടനകളെ വിമര്‍ശിച്ചിരുന്നു.
സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. അപകടത്തില്‍പ്പെട്ട ബൈക്കും പരിസരത്തെ സിസി ടിവിയും ഇവര്‍ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ ദുരൂഹതകള്‍ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, സംഭവം കണ്ടുവെന്ന് പറയുന്ന അടിമാലി സ്വദേശിയുടെ മൊഴിയെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും, മറ്റ് സ്ഥലങ്ങളിലെ സിസി ടിവികളും പരിശോധിക്കുമെന്നും പെരുമ്പാവൂര്‍ സിഐ കെ. സുമേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: