വടകര: എല്‍ഡിഎഫ് വടകര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി പി. ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ.കെ. രമക്കെതിരെ കേസ്. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രമക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഡിജിപിക്ക് നല്കിയ പരാതിയിലാണ് നടപടി. സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരവും തെറ്റായതുമായ പരാമര്‍ശത്തിന് 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ മജിസ്ട്രേറ്റ് എം.ടി. ജലജാറാണി ഉത്തരവിടുകയായിരുന്നു. ഡിജിപിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് എടച്ചേരി പോലീസ് നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നടപടി.
പി. ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജനമധ്യത്തില്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതെന്ന് കോടിയേരി പരാതിയില്‍ പറഞ്ഞിരുന്നു. മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 16–ന് കോഴിക്കോട് ആര്‍എംപി യോഗ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് പി. ജയരാജന് ‘കൊലയാളി’യാണെന്ന് രമ പറഞ്ഞത്. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതും സ്വാധീനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ രമ ഉള്‍പ്പടെ മൂന്ന് ആര്‍എംപി നേതാക്കള്‍ക്കെതിരെ പി. ജയരാജന് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: