കായികശക്തിയിലും ഭക്ഷണം അകത്താക്കുന്നതിലും പാതായിക്കര നമ്പൂതിരിമാര്‍ക്ക് പകരക്കാരില്ലെന്നിരിക്കെ വെല്ലുവിളിയുമായി ഒരിക്കല്‍ ഒരാളെത്തി. കോഴിക്കോട്ടുകാരന് ഒരു നമ്പൂതിരി ആയിരുന്നു അത്. വലിയ ശക്തിമാനും അഭ്യാസിയുമായിരുന്നു അദ്ദേഹം. തന്നെ വെല്ലാന്‍ ആരുമില്ലെന്നായിരുന്നു അയാളുടെ ഭാവം. അയാളുടെ നാട്ടുകാരും, അതായത് കോഴിക്കോട്ടുകാരും അങ്ങനെ തന്നെ വിശ്വസിച്ചു. അദ്ദേഹം പാതായിക്കര നമ്പൂതിരിമാരുടെ ബലം പരീക്ഷച്ചറിയാനായിരുന്നു എത്തിയത്.
ദിവസവും രണ്ടുനേരം അദ്ദേഹം നാലിടങ്ങഴിയുടെ ചോറുണ്ണുമായിരുന്നു. പാതായിക്കര നമ്പൂതിരിമാര്‍ ഭക്ഷിക്കുന്ന കണക്കുനോക്കിയാല്‍ ഇത് ഒന്നുമല്ലെങ്കിലും ഇത്രയും ഭക്ഷണം ഒരാള്‍ കഴിക്കുന്നത് സാധാരണമല്ലല്ലോ. അദ്ദേഹമെത്തിയ നേരത്ത് നമ്പൂതിരിമാര്‍ ഇല്ലത്തുണ്ടായിരുന്നില്ല. അവരൊരു സദ്യയ്ക്ക് പോയതായിരുന്നു. വൈകുന്നേരമേ മടങ്ങിയെത്തൂ എന്ന് അറിഞ്ഞെങ്കിലും അവര്‍ വന്നു കണ്ടിട്ടേ പോകൂ എന്നും തനിക്ക് നാലിടങ്ങഴി അരിയുടെ ചോറുവേണമെന്നും അദ്ദേഹം ഇല്ലത്തെ മൂത്തനമ്പൂതിരിയുടെ അന്തര്‍ജനത്തെ വേലക്കാരി മുഖാന്തിരം അറിയിച്ചു. അതിനു വിരോധമില്ല, അവരെത്തുമ്പോഴേക്കും എല്ലാം ഒരുക്കാമെന്ന് അന്തര്‍ജനം പറഞ്ഞു.
അദ്ദേഹം കുളികഴിഞ്ഞെത്തി. നാലുകെട്ടില്‍ നാലിടങ്ങഴിയുടെ ചോറും പൊളിക്കാത്ത നാലു നാളികേരവും കഴിക്കാനെടുത്തു വെച്ചിരുന്നു. കൂട്ടാനും മോരുമൊന്നും കാണാഞ്ഞ് അതൊന്നും ഇല്ലാത്തതെന്തേ എന്ന് നമ്പൂതിരി അകത്തേക്ക് വിളിച്ചു ചോദിച്ചു. അതൊന്നും ഇവിടെ പതിവില്ലെന്നും എല്ലാവരും തേങ്ങാപ്പാല്‍ കൂട്ടിയാണ് കഴിക്കുന്നതെന്നും അന്തര്‍ജനം അറിയിച്ചു. അത് പിഴിയാതെ കഴിക്കുന്നതെങ്ങനെയെന്നായി നമ്പൂതിരി. അന്തര്‍ജനം ഉടനെ വാതില്‍ പി
റകില്‍ മറഞ്ഞു നിന്ന് കൈനീട്ടി നാളികേരമെടുത്ത് ഒരു പാത്രത്തിലേക്ക് മാമ്പഴം പിഴിയുന്ന ലാഘവത്തോടെ പിഴിഞ്ഞൊഴിച്ചു. അതു കണ്ട കോഴിക്കോട്ടുകാരന് നമ്പൂതിരിക്ക് ഭയവും വിസ്മയവുമുണ്ടായി. അന്തര്‍ജനത്തിന് ഇത്രയും ശക്തിയുണ്ടെങ്കില്‍ നമ്പൂതിരിമാരുടെ ശക്തി എത്രമാത്രമായിരിക്കും എന്നോര്‍ത്തു ഭയന്നു. വൈകാതെ അദ്ദേഹം അവിടം വിട്ടു പോയി.
പാതായിക്കര ഇല്ലത്തിനടുത്തടുത്തുള്ള ക്ഷേത്രത്തില്‍ നമ്പൂതിരിമാര്‍ പതിവായി തൊഴാനെത്തും. മൂത്തനമ്പൂതിരി ഒരിക്കല്‍ നേരത്തേ കുളിച്ചു തൊഴാന്‍ പോയി. അല്പം കഴിഞ്ഞ് ഇളയ നമ്പൂതിരിയും ക്ഷേത്രത്തിലേക്ക് പോയി. ഒരു ഇടവഴിയിലൂടെയായിരുന്നു യാത്ര. ക്ഷേത്രത്തിലെ ഉത്സവമായിരുന്നതിനാല്‍ ശീവേലി കഴിഞ്ഞ് ആനയെ തളയ്ക്കാനായി ആ ഇടവഴിയിലൂടെ കൊണ്ടുവരുന്നുണ്ടായിരുന്നു. ആനയ്ക്കു പിറകിലായി ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ മൂത്തനമ്പൂതിരിയുണ്ടായിരുന്നു. ആനയ്ക്കു മുമ്പില്‍ എതിര്‍ദിശയിലായാണ് ഇളയ നമ്പൂതിരിയും വരുന്നത്. ആനയുടെ വലിപ്പവും വഴിയുടെ വീതിക്കുറവും കാരണം ജ്യേഷ്ഠാനുജന്മാക്ക് പരസ്പരം കാണാനായില്ല.
പാതായിക്കര നമ്പൂതിരിമാര്‍ യാത്രയില്‍ എതിരേ ആരു വന്നാലും വഴിമാറിക്കൊടുക്കാറില്ല. പിന്നോട്ട് നടത്തിക്കൊണ്ടു പോകാന്‍ ആനക്കാരനോട് അനുജന് നമ്പൂതിരി പറഞ്ഞെങ്കിലും ആനയെ പിന്നോട്ട് നയിക്കാന്‍ വഴിക്ക് വിസ്താരമുണ്ടായിരുന്നില്ല. അനുജന് നമ്പൂതിരി ആനയുടെ മസ്തകത്തില്‍ പിടിച്ച് പിറകോട്ട് തള്ളി.
അതു കണ്ട് മുമ്പോട്ട് കൊണ്ടുപോ എന്നു പറഞ്ഞ് മൂത്തനമ്പൂതിരി ആനയുടെ പിറകില്‍ നിന്നും തള്ളി. ആന മുമ്പോട്ടു പോകാഞ്ഞതു കണ്ടപ്പോള്‍ മുന്‍വശത്ത് അനുജനുണ്ടോയെന്ന് മൂത്തനമ്പൂതിരി ചോദിച്ചു. അതേയെന്നു മറുപടി കേട്ടതോടെ എങ്കില്‍ പിടിച്ചോ എന്നു പറഞ്ഞ് ഇരുവരും ആനയെ പൊക്കിയെടുത്ത് കയ്യാലപ്പുറത്തേക്കു വെച്ച്, ഇരു വശത്തേക്കും നടന്നു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: