ജ്യോതിര്‍ലിംഗങ്ങളില്‍ ആദ്യമുണ്ടായത് നാഗ്വേശ്വര ജ്യോതിര്ലിംഗമാണെന്നാണ് സങ്കല്പം. ഗുജറാത്തില്‍ സൗരാഷ്ട്ര തീരത്താണ് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളിലൊന്നായ നാഗേശ്വര്‍ ക്ഷേത്രം. ഗോമതി ദ്വാരകയ്ക്കും ബെയ്ത്ത് ദ്വാരകദ്വീപിനും ഇടയില്‍ കടല്‍തീരത്താണ് നാഗേശ്വരന്റെ സന്നിധി. ഏതുമാരക വിഷത്തെയും അകറ്റാന്‍ നാഗേശ്വര ജ്യോതിര്‍ലിംഗത്തിന്റെ പ്രഭാവത്താല്‍ സാധിക്കുമെന്നാണ് വിശ്വാസം.
രുദ്രസംഹിതയിലെ ”ദാരുകവനേ നാഗേശം” എന്ന ശ്ലോകത്തില്‍ പരാമര്‍ശിക്കുന്നത് നാഗേശ്വര ജ്യോതിര്ലിംഗത്തെയാണെന്ന് പറയപ്പെടുന്നു. മുമ്പ് ഈ പ്രദേശം വനമായിരുന്നു. ദാരുകനെന്ന അസുരന്റെയും പത്നിയായ ദാരുകിയുടേയും ആവാസകേന്ദ്രം. ദാരുകന്‍ ശിവഭക്തനായിരുന്നു. ഒരിക്കല്‍ ദാരുകവനത്തിലെത്തിയ ശിവഭക്തയായ സുപ്രിയയെ ദാരുകന്‍ തടവിലാക്കി. ശിവപൂജയും ധ്യാനവും നടത്തത്തേണ്ടത് എങ്ങനെയെന്ന് ദാരുകന്‍ സുപ്രി
യയോട് ആരാഞ്ഞു. എന്നാല്‍ അതെങ്ങനെയെന്ന് പറഞ്ഞു കൊടുത്താല്‍ ഉടനെ ഈ അസുരനും അവന്റെ പത്നിയും ജീവജാലങ്ങളെയെല്ലാം ക്രൂരമായി ദ്രോഹിക്കുമെന്ന് ഭയന്ന് സുപ്രിയ വിസമ്മതിച്ചു. ഇതില്‍ ക്രുദ്ധനായി ദാരുകന്‍ സുപ്രിയയെ ബന്ധനത്തിലാക്കി ദ്രോഹിക്കാന്‍ തുടങ്ങി. സുപ്രിയ ശിവനെ ധ്യാനിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ തന്റെ ഭക്തയുടെ രക്ഷയ്ക്കായി ശിവന് പ്രത്യക്ഷപ്പെട്ട് ദാരുകനേയും ദാരുകിയേയും വധിച്ചു. പിന്നീട് അവിടെ ജ്യോതിര്‍ലിംഗമായി ഭഗവാന് വാസമുറപ്പിച്ചെന്നാണ് ക്ഷേത്രോല്പത്തിയുടെ പുരാവൃത്തം.
എന്നാല്‍ യഥാര്‍ഥ നാഗേശ്വര ജ്യോതിര്‍ലിംഗക്ഷേത്രം ഏത് എന്നതിനെക്കുറിച്ച് ഇപ്പോഴും വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട വൃക്ഷമത്രേ ‘ദാരു’ അഥവാ ‘ദേവദാരു’. ദാരുവൃക്ഷങ്ങളുള്ള പ്രദേശമാണ് ശിവപ്രീതിക്ക് മുനിമാര്‍ തപസ്സിനായി തെരഞ്ഞെടുത്തിരുന്നത്.
ഹിമാലയത്തിലാണ് ദേവദാരുക്കൂട്ടങ്ങള് കണ്ടുവരുന്നത്. അതിനാല്‍ ഉത്തരാഖണ്ഡില്‍ ദാരുകവനമുള്ള അല്‍മോറയിലുള്ള ജാഗേശ്വര്‍ ക്ഷേത്രത്തിലാണ് നാഗേശ്വര ജ്യോതിര്ലിംഗമുള്ളതെന്നു വാദമുണ്ട്. മഹാരാഷ്ട്രയിലെ ഔംഢയിലെ നാഗ്നാഥ് ക്ഷേത്രത്തിലാണ് ഈ ജ്യോതിര്ലിംഗമുള്ളതെന്നും വാദമുന്നയിക്കുന്നവരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: