വിദേഹരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മിഥില. ജനകവംശ പരമ്പരയാണ് തുടര്‍ച്ചയായി ഇവിടെ ഭരിച്ചിരുന്നത്. ത്രേതായുഗമധ്യത്തില് ജനകമഹാരാജാവായിരുന്നു വിദേഹത്തിന്റെ ഭരണാധികാരി. രാജസപ്രധാനമെന്നതിനേക്കാള് സാത്വിക മോടിയായിരുന്നു വിദേഹത്തിന്റെ മുഖമുദ്ര. കാര്ഷികാഭിവൃദ്ധിയാല് സമ്പന്നമായ രാജ്യത്തിന്റെ രാജമുദ്രപോലും കലപ്പയായിരുന്നു. സമയാസമയങ്ങളില്‍ യാഗം നടത്തിയിരുന്നതു കൊണ്ട് വിദേഹത്തില്‍ മഴയ്ക്കൊരു ക്ഷാമവുമുണ്ടായിരുന്നില്ല. എങ്ങും ഹരിതാഭം.
സാത്വികനും ശിവഭക്തനുമായിരുന്ന ജനകന് ബ്രഹ്മചാരിയായിരുന്നു. മൈത്രേയിയുടെ ശിഷ്യയായ അദ്ദേഹത്തിന്റെ പത്നിയും ബ്രഹ്മചര്യം അനുഷ്ഠിച്ചു പോന്നു.
ഒരിക്കല്‍ യാഗഭൂമി ഉഴുതുകൊണ്ടിരുന്നപ്പോള്‍ ജനകന്റെ സേവകന്മാര്ക്ക് അവിടെ നിന്നൊരു സ്വര്‍ണപേടകം കിട്ടി. അതിലെന്തെങ്കിലും ദിവ്യവസ്തുവുണ്ടാകുമെന്ന ധാരണയില്‍ ജനകന് പൂജാദി കര്‍മങ്ങളെല്ലാം ചെയ്ത ശേഷം പെട്ടി തുറന്നു. അതിലൊരു ദിവ്യശിശുവാണ് ഉണ്ടായിരുന്നത്. സുന്ദരകോമള ശരീരത്തോടു കൂടിയ ഒരു പെണ്‍ശിശു.
കുട്ടികളില്ലാതിരുന്ന ജനകന് ആനന്ദാതിരേകത്താല്‍ ആ ശിശുവിനെ എടുത്ത് അന്തഃപുരത്തില്‍ കൊണ്ടുപോയി പത്നിയെ ഏല്‍പ്പിച്ചു. എല്ലാസുഖസൗകര്യങ്ങളും സ്നേഹവാത്സല്യങ്ങളും നല്കി അവളെ വളര്‍ത്താന്‍ വേണ്ടതെല്ലാം അദ്ദേഹം ഏര്‍പ്പാടാക്കി. സീത(ഉഴവുചാല്)യില്‍ നിന്ന് കിട്ടിയതു കൊണ്ട് അവള്‍ക്ക് സീതയെന്ന് പേരു നല്കി. സീതയുടെ പിറവിക്ക് നിദാനമായൊരു കഥയുണ്ട്.
രാവണന്റെ കരസ്പര്‍ശമേറ്റ വേദവതിയെന്ന സ്ത്രീ അശുദ്ധി മാറ്റാന്‍ ചിതയില്‍ ചാടി ആത്മാഹുതി നടത്തിയിരുന്നു. രാവണന് ആ ചിതാഭസ്മം ഒരു പൊന്പേടകത്തിലാക്കി ലങ്കയിലേക്ക് കൊണ്ടുപോയി. അതൊരു വിജനമായസ്ഥലത്ത് സൂക്ഷിച്ചു. രാവണന് പതിവായി ആ പെട്ടി സന്ദര്‍ശിച്ചിരുന്നു.
അതിനിടെ ലങ്കയില്‍ ചില ആപത്തുകളുണ്ടായി. ഒരിക്കല്‍ ലങ്കയിലെത്തിയ നാരദനോട് രാവണന് ഇതേപ്പറ്റി സംസാരിച്ചു. രാവണന് സൂക്ഷിക്കുന്ന സ്വര്ണപ്പെട്ടിയാണ് ഇതിന് കാരണമെന്നും അതിനിയും സൂക്ഷിച്ചാല്‍ ആപത്തുകള്‍ പെരുകുമെന്നും നാരദന് രാവണനെ അറിയിച്ചു. എന്നാലത് നശിപ്പിച്ചാല്‍ മഹാവിപത്തുകളാണ് ഉണ്ടാകുകയെന്നും നാരദന് സൂചിപ്പിച്ചു.
രാവണന് ആ പെട്ടിയെടുത്ത് സമുദ്രമധ്യത്തില്‍ കളഞ്ഞു. അത് സമുദ്രത്തിലൂടെ ഒഴുകി ഭാരതത്തിന്റെ തീരത്തടിഞ്ഞു. അത് കള്ളന്മാരെടുത്ത് കാട്ടിനുള്ളില്‍ ഒളിപ്പിച്ചു വെച്ചു. പിന്നീടത് അവിടെ നിന്ന് മാറ്റാന്‍ അവര്‍ മറന്നു. ജനകന്റെ യാഗഭൂമിയായ നദീതീരത്തെ വനത്തിലാണ് അത് ഒളിപ്പിച്ചിരുന്നത്. പെട്ടിക്കകത്തുണ്ടായിരുന്ന വേദവതിയുടെ ചിതാഭസ്മം ശിശുവിന്റെ രൂപംപൂണ്ട് ജീവന്‍വച്ചു. അതാണ് ജനകന് മകളായി കിട്ടിയ കൊച്ചുസീത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: