ദഹരാധികരണം
മൂന്നാം പാദത്തിലെ അഞ്ചാം അധികരണമായ ദഹരാധികരണത്തില് 8 സൂത്രങ്ങളാണ് ഉള്ളത്.
ദഹരാകാശമായി ഉപനിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് പരമാത്മാവിനെയാണ് എന്ന് ഈ സൂത്രങ്ങളിലൂടെ സ്ഥാപിക്കുന്നു.
സൂത്രം- ദഹര ഉത്തരേഭ്യഃ
ദഹരാകാശമെന്ന് പറയുന്നത് പരമാത്മാവ് തന്നെയാണ്. പിന്നീട് വരുന്നവയില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.
ദഹരശബ്ദം കൊണ്ട് പറഞ്ഞത് ജ്ഞേയ തത്വമായ ബ്രഹ്മത്തെയാണ്. പിന്നീട് ഉപയോഗിച്ച വാക്കുകളെ കൊണ്ട് ഇത് വ്യക്തമാണ്.
ഛാന്ദോഗ്യോപനിഷത്തിലെ ‘അഥയദിദമസ്മിന് ബ്രഹ്മപുരേ ദഹരം പുണ്ഡരീ കം… എന്ന മന്ത്രത്തില്‍ പറയുന്നു – ഈ ബ്രഹ്മപുരമായ ശരീരത്തില്‍ ചെറുതായ പുണ്ഡരീക സമാനമായ ഗൃഹമുണ്ട്. അതിനുള്ളില്‍ ചെറിയ ആകാശമുണ്ട്. അതിനുള്ളില്‍ ഉള്ളതിനെയാണ് അന്വേഷിക്കേണ്ടത്. അതാണ് അറിയേണ്ടതും.
ഹൃദയ പുണ്ഡരീകത്തിനകത്തെ ദഹരാകാശത്തെ അന്വേഷിക്കണമെന്നും അറിയണമെന്നും പറയുമ്പോള്‍ അത് ഭൂതങ്ങളില്‍ പെട്ട, ആകാശമാണോ അതോ പരമാത്മാവാണോ എന്നാണ് സംശയം.
ബ്രഹ്മപുരം എന്നതില്‍ ബ്രഹ്മം എന്നാല്‍ ജീവനോ അതോ ബ്രഹ്മമോ എന്നും സംശയിക്കുന്നു.
ശരീരം ജീവന്റെ ആവാസസ്ഥാനമായതിനാല് ജീവന് എന്ന് അര്‍ത്ഥമെടുക്കാമെന്നാണ് പൂര്‍വ്വ പക്ഷം. ആകാശ വും ഇതുപോലെ പഞ്ച മഹാഭൂതങ്ങളില്പെട്ടതാണെന്ന് കണക്കാക്കണമെന്നും അവര്‍ വാദിക്കുന്നു.
ദഹരാകാശത്തിന് ഉള്ളിലുള്ള ചൈതന്യത്തെ അന്വേഷിക്കണമെന്ന് പറയുമ്പോള്‍ ബ്രഹ്മപുരമെന്നതിന് ജീവന്റെ പുരമെന്ന് അര്‍ത്ഥം വരും എന്നുമാണ് ഇവരുടെ വാദം.
എന്നാല്‍ ദഹരാകാശം എന്നത് പരമാത്മാവിനെതന്നെയാണ് പറയുന്നതെന്ന് ഈ സൂത്രം ഉറപ്പിക്കുന്നു. തുടര്‍ന്നു വരുന്ന മന്ത്രത്തില്‍ ദഹരാകാശം എന്നത് ഭൂതാകാശമോ ജീവനോ അല്ലെന്നും അത് പരമാത്മാവ് തന്നെയെന്നും മനസ്സിലാക്കാം.
ദഹരശബ്ദം കൊണ്ട് ലക്ഷ്യസ്വരൂപമായി പറഞ്ഞ തത്വം ബ്രഹ്മമല്ലാതെ വേറൊന്നല്ല. ഈ ഭൂതാകാശം എത്രത്തോളം മഹത്തരമാണോ അത്രത്തോളം മഹത്തരമാണ് ഹൃദയാകാശവും. സ്വര്‍ഗം, ഭൂമി, അഗ്നി, വായു, സൂര്യന്, ചന്ദ്രന്, ഇടിമിന്നല്‍, നക്ഷത്രങ്ങള്‍ തുടങ്ങി എന്തെല്ലാം ഈ ലോകത്തിലുണ്ടോ അതെല്ലാം ഹൃദയാകാശത്തിലുണ്ട്. ഇത് സര്‍വവ്യാപിയും സര്‍വാത്മാവും സര്വാതീതനുമായ പരമാത്മാവിന് മാത്രം ചേരുന്ന വിവരണമാണ്.
അതേ പ്രകരണത്തില്‍ തന്നെ പിന്നീട് എല്ലാ ബ്രഹ്മാണ്ഡങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു എന്ന് പറയുന്നു. ഇത് എല്ലാ പാപങ്ങളില്‍ നിന്നും ജരാമരണങ്ങളില്‍ നിന്നും അതീതവും ദുഃഖമില്ലാത്തതും വിശപ്പ്, ദാഹം മുതലായവ ഇല്ലാത്തതും സത്യകാമവും സത്യസങ്കല്പവുമാണെന്ന് പറയുന്നു. ഈ ആത്മാവ് അമൃതവും അഭയവും ബ്രഹ്മവുമാണ.് സത്യമെന്ന് വിളിക്കുന്ന ഈ ദഹരമാണ് ബ്രഹ്മം.
‘ജ്യായാനാകാശാത്’- ആകാശത്തേക്കാള്‍ വലിയതാണ് എന്ന ശ്രുതിയും ഇതിനെ ശരിവെക്കുന്നു. അതിനാല്‍ ദഹരാകാശ ശബ്ദം പരബ്രഹ്മത്തെ ഉദ്ദേശിച്ചു തന്നെയെന്ന് നിശ്ചയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: