മംഗലാപുരം: വലിയ മാറ്റമാണ്, കേരളത്തിന്റെ അതിരുകടന്നാല്‍. വേനല്‍ചൂടിന്റെ കുറവുമാത്രമല്ല, തെരഞ്ഞെടുപ്പ് ചൂടുമില്ല. ദക്ഷിണകര്‍ണാടകത്തിലെ മംഗലാപുരം നഗരത്തിലൂടെ പോയാല്‍ സംശയിക്കും, ഇവിടെ തെരഞ്ഞെടുപ്പില്ലേയെന്ന്. കര്‍ണാടകത്തില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം നടക്കുന്നിടത്ത് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയവും കഴിഞ്ഞു.
കര്‍ണാടകത്തിലെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ കൊടിയില്ല, തോരണമില്ല, പൊതുനിരത്തിലെങ്ങും ശബ്ദകോലാഹലമുണ്ടാക്കിക്കൊണ്ട് പ്രചാരണവാഹനങ്ങളില്ല. ആരൊക്കെയാണ് സ്ഥാനാര്ത്ഥികളെന്ന്് ചോദിച്ചറിയണം. പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞവര്‍ പറയും, അല്ലാത്തവര്‍ ചിലപ്പോള്‍ എംഎല്‍എയുടെ പേരു പറയും. അല്ലെങ്കില്‍ എംപിയുടെ. ഓട്ടോ ഡ്രൈവര്‍മാരോട് ചോദിക്കൂ, അവര്‍ വ്യക്തമായ രാഷ്ട്രീയസ്ഥിതിഗതികളും സാധ്യതകളും വരെ പറഞ്ഞുതരും.
ഏപ്രില്‍ 18നാണ് ആദ്യഘട്ട വോട്ടെടുപ്പ്. പതിമൂന്ന് മണ്ഡലങ്ങളില്‍, മംഗലാപുരം ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ മണ്ഡലത്തില്‍ ബിജെപിയുടെ നളിന്‍ കുമാര്‍ കട്ടീല്‍ ആണ് രണ്ടുവട്ടമായി എംപി. മൂന്നാംവട്ടവും ജനവിധി തേടുന്നു. 13 സ്ഥാനാര്‍ത്ഥികളുണ്ട് മത്സരിക്കാന്‍. 15 പേര് പത്രിക നല്‍കിയതില്‍ ഒരാള്‍ പിന്മാറി. ഒരാള്‍ രണ്ടു പാര്‍ട്ടികളുടെ പ്രതിനിധിയായി പത്രിക നല്കിയതിനാല് തള്ളപ്പെട്ടു. ബിജെപിയുടെ നളിന്‍ കട്ടീലും കോണ്‍ഗ്രസ്സിന്റെ മിഥുന് എം. റായിയും ബിഎസ്പിയുടെ സതീഷ് ശാലിയനും തമ്മിലാണ് മുഖ്യമത്സരം.
ആകെ വോട്ടര്‍മാര്‍ 17,24,566. സ്ത്രീകള്‍ 8,79,186. പുരുഷന്മാരാണ് കുറവ,് 8,45,283. ട്രാന്‍സ്ജന്‍ഡേഴ്സ് 97 പേരുണ്ട്. കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലായതിനാല്‍ ഈ അയല്‍ പ്രദേശത്ത് ‘ക്രോസ് വോട്ടിംഗ്’ തടയാന്‍ പ്രത്യേക നിരീക്ഷണങ്ങള്‍ ഉണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശശികാന്ത് സെന്തില്‍ വിശദീകരിക്കുന്നു.
പൊതുനിരത്തില്‍ പ്രചാരണപരിപാടികളും തോരണവും പോസ്റ്ററും മറ്റും വേണ്ടെന്നത് പൊതുതീരുമാനമായി എല്ലാ പാര്‍ട്ടികളും അംഗീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി വോട്ടര്‍മാരെ കണ്ട് പിന്തുണ ഉറപ്പാക്കുകയാണ്.
കാവൂരില്‍ ബിജെപി പേജ് പ്രമുഖന്മാരുടെ കണ്‍വെന്‍ഷനില്‍ പാര്‍ട്ടി എംഎല്‍സി അയന്തൂര് മഞ്ജുനാഥ്, ബിജെപി സ്ഥാനാര്‍ത്ഥി നളിന്‍ കട്ടീലിന്റെ ജയം ഉറപ്പു പറഞ്ഞു. ‘ബിജെപിയില്‍ താഴെ തട്ടിലുള്ള ഒരു പ്രവര്‍ത്തകനു പോലും പ്രധാനമന്ത്രി വരെ ആകാം. ദക്ഷിണ കന്നഡ ജില്ലയില്‍ 16,500 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ നളിന്‍ കട്ടീല്‍ വീണ്ടും വിജയിക്കും. ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവാണ് കട്ടീല്‍’, മഞ്ജുനാഥ് പറഞ്ഞു. മംഗലാപുരം എംഎല്‍എ ഡോ. ഭരത് ഷെട്ടിയും കട്ടീലിന്റെ നേട്ടങ്ങള്‍ വിവരിച്ചു.
ഓട്ടോറിക്ഷാ ഡ്രൈവര്‍ സുനില്‍ പൂജാരിക്കും ടാക്സി ഡ്രൈവര്‍ ഇമ്രാനും പറയാനുള്ളത് അതുതന്നെ, ”ബിജെപിക്കാണ് ഇവിടെ ജയം. മോദിക്കും കട്ടീലിനുമാണ് വോട്ട്. അഞ്ച് നിയമസഭ മണ്ഡലത്തിലും ബിജെപിയാണ് ജയിച്ചത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: