തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനേക്കാള്‍ നല്ലത് എഐസിസി ആത്മഹത്യ ചെയ്യുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. അമേത്തിയില്‍ തോല്‍വി ഉറപ്പായ സാഹചര്യത്തില്‍ മുസ്ലിം ലീഗിന്റെ സഹായത്തോടെ മത്സരിച്ച് പാര്‍ലമെന്റില്‍ എത്തേണ്ട അവസ്ഥയിലാണ് രാഹുലും കോണ്‍ഗ്രസ്സുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് എത്തിച്ചേര്‍ന്ന ഗതികേടിനെയാണ് കാണിക്കുന്നത്. അവസാന നിമിഷം സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിച്ചതാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കെപിസിസി പ്രസിഡന്റിന്റെ മുഖത്തേറ്റ തിരിച്ചടിയാണ്. വയനാട്ടില്‍ എന്‍ഡിഎ ശക്തമായ മത്സരം കാഴ്ചവയ്ക്കും. എന്‍ഡിഎ പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിലൂടെ വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിക്കാനാകും. മുസ്ലിം ലീഗിനെ ചത്ത കുതിരയെന്ന് വിളിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ കൊച്ചുമകനാണ് ഈ ഗതികേട് വന്നിരിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കെപിസിസി മുന്‍ സെക്രട്ടറിയും നിലവില്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗവും കെപിഎംഎസ് പുന്നല വിഭാഗം നേതാവുമായ കുന്നത്തൂര്‍ വിശാലാക്ഷിയും സിപിഐ കിസാന്‍സഭ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും കുന്നത്തൂര്‍ താലൂക്ക് പ്രസിഡന്റുമായ അഡ്വ. രാജീവ് രാജധാനിയും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള രണ്ടുപേരുടേയും പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ എന്‍ഡിഎയുടെ ചുമതലയുള്ള പ്രഭാരി വൈ. സത്യകുമാറും, സഹപ്രഭാരി നിര്‍മ്മല്‍ കുമാര്‍ സുരാനയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: