പോത്തന്‍കോട്: വയനാട്ടില്‍ ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വിജയിക്കുമെന്ന യുഡിഎഫിന്റെ പ്രസ്താവന ശരിയാണെന്നും അത്തരത്തിലൊരാളെയാണ് യുഡിഎഫ് നേതൃത്വം തെരഞ്ഞെടുത്തതെന്നും മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. എന്‍ഡിഎ ആറ്റിങ്ങല്‍ പാര്‍ലമെന്റില്‍ ചിറയിന്‍കീഴ് നിയോജക മണ്ഡല പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതമാകെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ തരംഗം അലയടിക്കുകയാണ്. അതിനാല്‍ സ്വയം രക്ഷതേടി രാഹുല്‍ ഒരു സ്ഥലം കണ്ടെത്തിയതാണ് വയനാടെന്നും സെന്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വീണ്ടും അധികാരത്തില്‍ എത്തിക്കും. ഇതിനെതിരെ നുണ പ്രചരണം നടത്താനും, രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തങ്ങള്‍ നടത്താനുമാണ് ഓരോ വിഭാഗങ്ങള്‍ ശ്രമിക്കുന്നത്. മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷം വരും തലമുറയുടെ വികസനത്തിന് മോദി ഭരണം ആവശ്യമാണെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്തിന് ക്രൂരതയുടെ ആയിരം ദിനങ്ങളാണ് എല്‍ഡിഎഫ് ഭരണം നടപ്പിലാക്കിയത്. മൂന്ന് വര്‍ഷം കൊണ്ട് കേരളത്തിലെ ഇടത് ദുഷ്ടതയ്ക്ക് ഇരകളായി മരണപ്പെട്ടവര്‍ ഏറെയാണ്. കമ്മ്യൂണിസ്റ്റ് ഭരണം 2021 ല്‍ അവസാനിപ്പിക്കാനുള്ള മുന്നൊരുക്കമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പെന്നും സെന്‍കുമാര്‍ പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡന്റ് ജി. സാബു അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.പി വാവ , എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുധീര്‍, തോട്ടയ്ക്കാട് ശശി, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് വിപിന്‍രാജ്, ബിജെപി നേതാക്കളായ ചെമ്പഴന്തി ഉദയന്‍, എം.ബാലമുരളി, എന്‍.എസ്.സജു, ദീപാ സുരേഷ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് അഴൂര്‍ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: