തിരുവനന്തപുരം: വൈകുണ്ഠ സ്വാമിയെപോലുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളെ വിസ്മരിക്കുന്ന നവോത്ഥാനം കാപട്യമാണെന്ന് തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. വിഎസ്ഡിപി തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകുണ്ഠ സ്വാമിയെപോലുള്ള മഹാന്മാരുടെ ജീവിതം പാഠ്യവിഷയം ആക്കാത്തത് വരും തലമുറയോട് ചെയ്യുന്ന വഞ്ചനയാണ്. എംപി അയാല്‍ വൈകുണ്ഠ സ്വാമിയെപ്പറ്റി പഠന കേന്ദ്രവും സര്‍വ്വകലാശാലയില്‍ അദ്ദേഹത്തിന്റെ പേരില്‍ ചെയറും സ്ഥാപിക്കും. സ്വാമിയുടെ പേരില്‍ ഇത്രനാളും സ്റ്റാമ്പ് പുറത്തിറക്കാഞ്ഞത് അസാധ്യമായത് കൊണ്ടല്ല, ജനപ്രതിനിധികള്‍ക്ക് ഇച്ഛാശക്തി ഇല്ലാത്തത് കൊണ്ടാണ്. നാടാര്‍ സമുദായത്തിന്റെ കണ്ണീരൊപ്പാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുമുന്നണികളും നാടാര്‍ സമുദായത്തെ വഞ്ചിച്ചെന്ന് വിഎസ്ഡിപി ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന് പറഞ്ഞു. വൈകുണ്ഠ സ്വാമിയുടെ പേരില്‍ ഒരു സ്റ്റാമ്പ് ഇറക്കാന്‍ ശശി തരൂരിന്റെയും എ.സമ്പത്തിന്റെയും പിറകെ നടന്നെങ്കിലും അവര്‍ ഗൗനിച്ചില്ല. പാലം കടക്കുവോളം നാരായണാ പാലം കടന്നപ്പോള്‍ കൂരായണ എന്നതാണ് മുന്നണികള്‍ നാടാര്‍ സമുദായത്തോട് കാണിച്ച മനോഭാവം. എന്നാല്‍ കുമ്മനം ഒരു പുതിയ പ്രതീക്ഷ നല്കുന്ന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ജിമ്മി രാജ് അധ്യക്ഷത വഹിച്ചു. എന്‍ഡിഎയുടെ ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: