തിരുവനന്തപുരം: തൊടുപുഴയില്‍ ക്രൂരതയ്ക്ക് ഇരയായ കുട്ടിയുടെ പിതാവ് ബിജുവിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്കി. മകന്റെ മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് ബാബുവാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
മണക്കാട് കല്ലാട്ട്മുക്ക് ബാബു-രമണി ദമ്പതികളുടെ മകന് ബിജു കഴിഞ്ഞ വര്‍ഷം മേയിലാണ് മരിച്ചത്. ഹൃദയാഘാതമെന്ന നിഗമനത്തില്‍ മൃതദേഹം ദഹിപ്പിച്ചു. ഈ മരണത്തില്‍ സംശയമുണ്ടെന്ന് ആരോപിച്ചാണ് ഇപ്പോള്‍ ബന്ധുക്കള്‍ രംഗത്തെത്തിയത്.
കുട്ടിയുടെ അമ്മയായ യുവതിയും ബിജുവും 10 വര്‍ഷം മുമ്പാണ് വിവാഹിതരായത്. സി-ഡിറ്റ് ജോലിക്കാരനായിരുന്നു ബിജു. പിന്നീട് ടെക്നോപാര്‍ക്കിലും ആലുവയിലും ജോലി നോക്കിയിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള അരുണ്‍ തലസ്ഥാനത്ത് ഗുണ്ടകളുമായി ചേര്‍ന്ന് മണല്‍ക്കടത്ത് നടത്തുകയായിരുന്നു. അമ്മയെ ഭീഷണിപ്പെടുത്തി നന്തന്‍കോട് ഉണ്ടായിരുന്ന ഫ്ളാറ്റ് അരുണ്‍ എഴുതി വാങ്ങി. പിന്നീട് അവിടെയായിരുന്നു താമസം.
മദ്യപാനവും ലഹരി ഉപയോഗവും ഇയാള്‍ പതിവാക്കിയിരുന്നു. ഇതിനിടെ അരുണിന് കടം കൊടുത്ത 4,000 രൂപ ബിജു തിരികെ ചോദിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. തര്‍ക്കം രൂക്ഷമായതോടെ അരുണുമായുള്ള ബന്ധം ബിജു ഉപേക്ഷിച്ചു. ബിജു മരിച്ചതിന് ശേഷമാണ് അരുണ്‍ വീണ്ടും വീട്ടിലേക്ക് എത്തിയത്. ഈ സമയം ഇവിടെയുണ്ടായിരുന്ന ബിജുവിന്റെ ഭാര്യയുമായി അടുപ്പത്തിലായി.
മൃതദേഹം ദഹിപ്പിച്ചതിനാല്‍ അരുണിനെയും യുവതിയേയും ചോദ്യം ചെയ്താല്‍ മാത്രമേ ഇതേക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കൂ. പരാതി ഉയര്‍ന്നതിനാല്‍ ബിജുവിന്റെ മരണവും പോലീസ് അന്വേഷിക്കും. തൊടുപുഴ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ബിജുവിന്റെ പിതാവിന്റെ പരാതി കൈമാറിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: