കോട്ടയം: ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് ചടങ്ങിന് കോട്ടയം സാക്ഷ്യം വഹിക്കാന്‍ ഇനി മിനുട്ടുകള്‍ മാത്രം ബാക്കി. സിഎംഎസ് കോളേജ് ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ചു മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. സംഗീതവും നൃത്തവും നര്‍മ്മവും സമന്വയിക്കുന്ന കലാവിരുന്നിന്റെ അകമ്പടിയിലാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക.
എസ്. രമേശന് നായര്‍ രചിച്ച് രമേശ് നാരായണന് സംഗീതം പകര്‍ന്ന അവതരണ ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം. ഗാനത്തിനൊപ്പം നടി ശ്രുതിബാലയും സംഘവും അവതരിപ്പിക്കുന്ന നൃത്തച്ചുവടുകള്‍ ദൃശ്യഭംഗി ഒരുക്കും. ടിനി ടോം, കലാഭവന്‍ പ്രജോദ് എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികള്‍. ജിന്‍സ് ഗോപിനാഥ്, അഞ്ജു ജോസഫ്, സോമുകുട്ടന്‍, ശാലിനി, റജി നാരായണന്, സൂരജ് എന്നിവര്‍ സംഗീത മഴ പൊഴിക്കും.
ഡി ഫോര്‍ ഡാന്‍സ് ഫെയിം നജ്മല്‍ നയിക്കുന്ന നൃത്തസംഘത്തില്‍ ഐശ്വര്യ രാജീവ് ഉള്‍പ്പെടെ അരഡസന്‍ നര്‍ത്തകര്‍ അണിനിരക്കും. പ്രശസ്ത നര്‍ത്തകി ഡോ. പത്മിനി കൃഷ്ണന്റെ പ്രത്യേക നൃത്ത പരിപാടിയും വേറിട്ട കാഴ്ചയാകും. ഹാസ്യപരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുക ടിനി ടോമാണ്. കലാഭവന്‍ പ്രജോദ്, അജീഷ്, ജോബി പാല, ആദര്‍ശ്, തുടങ്ങിയ താരങ്ങള്‍ സ്കിറ്റും സോളോയും അവതരിപ്പിക്കും.
ടെലിവിഷന്‍ അവാര്‍ഡ് വിതരണത്തിനു പുറമെ കൊല്ലം തുളസിയെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നല്കി ആദരിക്കും. എം.ആര്. ഗോപകുമാര്‍, ശ്രീലത നമ്പൂതിരി എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരം സമ്മാനിക്കും. പത്മശ്രീ ലഭിച്ച സംഗീതജ്ഞന് കെ.ജി. ജയനെ അനുമോദിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, കോട്ടയം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്. സോന തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: