തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ഗതികേട് തുറന്നുകാട്ടുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. അമേത്തിയില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് വയനാടേക്ക് വരുന്നത്. മുസ്ലിം ലീഗിനെ ചത്തകുതിരയെന്ന് വിശേഷിപ്പിച്ച നെഹ്റുവിന്റെ കൊച്ചുമകനെ അതേ ലീഗിന്റെ ബലത്തില്‍ മത്സരിപ്പിക്കേണ്ട ദയനീയാവസ്ഥയിലാണ് കോണ്‍ഗ്രസ്.
ഇതിനേക്കാള്‍ വലിയ പരാജയം കോണ്‍ഗ്രസ്സിന് എന്താണുള്ളത്. ലീഗിന്റെ കാല്പിടിച്ച് മത്സരിക്കുന്നതിനേക്കാള്‍ നല്ലത് എഐസിസി ആത്മഹത്യ ചെയ്യുന്നതാണ്. അവസാന മണിക്കൂറില്‍ രാഹുലിനെ വയനാട്ടിലെ വോട്ടര്‍മാരില്‍ അടിച്ചേല്‍പ്പിച്ചത് പാര്‍ട്ടിയുടെ അപചയമാണ് കാണിക്കുന്നത്.
നേരത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥിളെ പ്രഖ്യാപിച്ചിരുന്നു. അവര്‍ പ്രചാരണവും ആരംഭിച്ചു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം മുല്ലപ്പള്ളിയുടെ മുഖത്തേറ്റ അടിയാണ്. മുല്ലപ്പള്ളിയുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ രാജിവെക്കുമായിരുന്നു.
ആത്മാഭിമാനമുണ്ടെങ്കില്‍ അദ്ദേഹം രാജിവെക്കണം. ദേശീയതലത്തില്‍ ഇടത്പക്ഷവുമായും ഘടകകക്ഷികളുമായും കോണ്‍ഗ്രസ് നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പെന്ന നിലയിലാണ് രാഹുലിനെ വയനാടെത്തിക്കുന്നത്. സിപിഎമ്മിന്റെ പിന്തുണയോടെയാണ് രാഹുല്‍ വരുന്നത്. ഇടത് പ്രവര്‍ത്തകരിലും ഇതിനെതിരെ പ്രതിഷേധമുണ്ട്. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എന്‍ഡിഎ ഒറ്റക്കെട്ടോടെ രാഹുലിനെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: