കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ജോസ് ബട്്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ കിങ്ങ്്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍. അശ്വിന് തിരിച്ചടി. നിയമത്തിന്റെ പിന്‍ബലത്തിലാണ് മങ്കാദിങ്ങ് എന്ന് വിശദീകരിച്ച അശ്വിന് അതേ നിയമം തന്നെ തിരിച്ചടിയാകുകയായിരുന്നു.
ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ പഞ്ചാബ് 28 റണ്‍സിന് തോറ്റു. ഈ തോല്‍വിക്ക് കാരണം ക്യാപ്റ്റന്‍ അശ്വിന്റെ പിഴവാണ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് കൊല്‍ക്കത്തയുടെ സ്‌കോര്‍ ഉയര്‍ത്തിയ ആന്ദ്രെ റസ്സലിനെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ലഭിച്ച അവസരമാണ് അശ്വിന്റെ പിഴവ് മൂലം നഷ്ടമായത്്.
മത്സരത്തിന്റെ പതിനേഴാം ഓവറില്‍ മുഹമ്മദ് ഷമിയുടെ യോര്‍ക്കറില്‍ റസ്സലിന്റെ കുറ്റി തെറിച്ചു. ആഘോഷത്തിമിര്‍പ്പില്‍ ഷമിയും അശ്വിനുമൊക്കൊ വായുവില്‍ ഉയര്‍ന്നുചാടിയെങ്കിലും അമ്പയര്‍ നോ- ബോള്‍ വിളിച്ചു.
ഫീല്‍ഡിങ്ങ് നിയമം അനുസരിച്ച് ആ സമയത്ത് മുപ്പത് യാര്‍ഡ് സര്‍ക്കിളില്‍ നാല് ഫീല്‍ഡര്‍മാര്‍ വേണ്ടിയിരുന്നു. പക്ഷെ മൂന്ന് ഫീല്‍ഡര്‍മാരെ സര്‍ക്കിളില്‍ ഉണ്ടായിരുന്നുള്ളൂ. ഈ നിയമ ലംഘനത്തിനാണ് അമ്പയര്‍ നോ-ബോള്‍ വിളിച്ചത്.
ഷമിയുടെ പന്തില്‍ കുറ്റിതെറിക്കുമ്പോള്‍ റസ്സലിന്റെ സ്‌കോര്‍ കേവലം മൂന്ന് റണ്‍സ്. ജീവന്‍ തിരിച്ചുകിട്ടിയ റസ്സല്‍ പിന്നീട് തകര്‍ത്തടിച്ചു. പതിനേഴ്് പന്തില്‍ 48 റണ്‍സ് അടിച്ചുകൂട്ടി. അഞ്ചു സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പെട്ട റസ്സലിന്റെ ഇന്നിങ്ങ്‌സാണ് പഞ്ചാബിനെ പരാജയത്തിലേക്ക് തള്ളി വിട്ടത്്. റസ്സലിന്റെ മികവില്‍ നാല് വിക്കറ്റിന് 218 റണ്‍സ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ജയം ലക്ഷ്യമിട്ടിറങ്ങിയ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെ നാല് വിക്കറ്റിന് 190 റണ്‍സില്‍ പിടിച്ചുനിര്‍ത്തി 28 റണ്‍സിന്റെ വിജയം സ്വന്തമാക്കി.
ഫീല്‍ഡിങ്ങിലെ ചെറിയ പിഴവ് ശ്രദ്ധിച്ചില്ല. ട്വന്റി 20 യില്‍ ചെറിയൊരു പിഴവ് പോലും തോല്‍വിക്ക് കാരണമാകുമെന്ന് മത്സരശേഷം അശ്വിന്‍ പറഞ്ഞു. ഫീല്‍ഡിങ്ങ് പിഴവിലെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ഇനിയുള്ള മത്സരങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന് അശ്വിന്‍ വ്യക്തമാക്കി.
219 റണ്‍സിന്റെ ലക്ഷ്യത്തിനായി ബാറ്റ് ചെയ്ത കിങ്ങസ് ഇലവന്‍ പഞ്ചാബിന് 20 ഓവറില്‍ നാലു വിക്കറ്റിന് 190 റണ്‍സേ നേടാനായുള്ളൂ. മായങ്ക് അഗര്‍വാള്‍ (58), മില്ലര്‍ (59 നോട്ടൗട്ട്), മന്‍ദീപ് സിങ് (33 നോട്ടൗട്ട്) എന്നിവര്‍ തിളങ്ങി.
















