അങ്ങാടിപ്പുറത്തെ പാതായിക്കര ഇല്ലത്ത് അതിശക്തന്മാരായ രണ്ടു നമ്പൂതിരിമാരുണ്ടായിരുന്നു. സഹോദരന്മാരായിരുന്ന ഇവര്‍ക്ക് ദിവസവും പന്ത്രണ്ടേകാല്‍ ഇടങ്ങഴി വീതം അരിയുടെ ഭക്ഷണം ആവശ്യമായിരുന്നു. തേങ്ങാപ്പാല്‍ കൂട്ടിയായിരുന്നു ഇവര്‍ ഊണു കഴിച്ചിരുന്നത്.
ജ്യേഷ്ഠന്റെ അന്തര്‍ജനത്തിനുള്‍പ്പെടെ ഇരുപത്തഞ്ചേകാല്‍ ഇടങ്ങഴി അരി ആ ഇല്ലത്ത് ദിവസവും വെച്ചു വാര്‍ക്കുമായിരുന്നു. മുന്നാഴി അരിയുടെ ചോറുമാത്രം മതിയായിരുന്നു അന്തര്‍ജനത്തിന്.
രണ്ടുപേര്‍ക്കും ഭക്ഷണം വിളമ്പിക്കഴിഞ്ഞാല്‍ രണ്ടുപേരുടേയും ഇടതു വശത്തായി പന്ത്രണ്ടു തേങ്ങാ വീതം കൊണ്ടു വന്നു വെയ്‌ക്കും. ഇടതു കൈകൊണ്ട് തേങ്ങാ ഓരോന്നായി എടുത്ത് അവര്‍ ചോറില്‍ പിഴിഞ്ഞൊഴിക്കും.
ഒരിക്കല്‍ നമ്പൂതിരിമാര്‍ ഊണിനിരുന്നപ്പോള്‍ അവരുടെ ചാര്‍ച്ചക്കാരനായ ഒരു നമ്പൂതിരിയെത്തി രണ്ടുപേരെയും സദ്യക്ക് ക്ഷണിച്ചു. അന്ന് അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. ഇലവെയ്‌ക്കാന്‍ നമ്മളെത്തേണ്ട താമസമേയുള്ളൂ എന്ന് പറഞ്ഞ് അദ്ദേഹം നമ്പൂതിരിമാരേയും കൊണ്ട് ഇല്ലത്തേക്ക് പോയി.
വൈകുന്നേരത്തേക്ക് ഈ ചോറത്രയും തണുത്തു പോകുമല്ലോ എന്നോര്‍ത്ത് അന്തര്‍ജനം തനിക്കും നമ്പൂതിരിമാര്‍ക്കുമായി വച്ചുണ്ടാക്കിയ ചോറത്രയും ഭക്ഷിച്ചു. പിറന്നാള്‍ സദ്യ കഴിഞ്ഞ് നമ്പൂതിരിമാര്‍ തിരിച്ചെത്തി. സന്ധ്യകഴിഞ്ഞപ്പോള്‍ അവര്‍ അത്താഴത്തിനിരുന്നു. ആറിത്തണുത്ത ചോറായിരിക്കുമെന്നാണ് അവര്‍ കരുതിയത്.പക്ഷേ അന്തര്‍ജനം വിളമ്പിയത് നല്ല ചൂടുള്ള ചോറായിരുന്നു.
അതു കണ്ട് മൂത്ത നമ്പൂതിരി ”കാലത്തെ ചോറ് എന്തു ചെയ്തു” എന്നു ചോദിച്ചു. അത് ആറിത്തണുത്തുപോകുമല്ലോ എന്നു കരുതി ഞാന്‍ കഴിച്ചെന്ന് അന്തര്‍ജനം അറിയിച്ചു. ഓഹോ, അങ്ങനെയെങ്കില്‍ ഇനി മുതല്‍ പന്തിരുനാഴി അരി കൂടി അധികം വെച്ചോളൂ എന്ന് നമ്പൂതിരി പറഞ്ഞു. അടുത്ത ദിവസം മുതല്‍ ഇല്ലത്ത് മുമ്മൂന്നു പന്തിരുനാഴി പതിവാക്കി.
മറ്റൊരിക്കല്‍ ഈ നമ്പൂതിരിമാരെ ഒരിടത്ത് സദ്യക്ക് ക്ഷണിച്ചു. സദ്യയ്‌ക്ക് പോകും മുമ്പ് മൂത്ത നമ്പൂതിരി വീട്ടിലെ ആട്ടു കല്ലെടുത്ത് ഉത്തരത്തില്‍ വെച്ചു. കറുത്തവാവായിരുന്നു അന്ന്. കറുത്തവാവിന്‍ നാള്‍ അവിടെ ആരും അത്താഴം കഴിക്കാറില്ല. വൈകുന്നേരം പലഹാരമാണ് പതിവ്. എല്ലാവര്‍ക്കുമായി വൈകിട്ട് കഴിക്കാന്‍ മുപ്പത്താറേമുക്കാല്‍ ഇടങ്ങഴി അരി അന്തര്‍ജനം ആട്ടുകല്ലില്‍ അരച്ചെടുക്കാറാണ് പതിവ്. അത്രയും അരി അരച്ചെടുക്കാവുന്ന ആട്ടുകല്ലിന്റെ വലിപ്പം ഊഹിക്കാവുന്നതേയുള്ളൂ. അന്തര്‍ജനത്തിന്റെ ബലം പരീക്ഷിക്കാനാണ് ആട്ടുകല്ല് ഉത്തരത്തില്‍ കയറ്റിയത്.
അന്തര്‍ജനം പതിവുപോലെ അരിയുമായി മുറ്റത്തെത്തിയപ്പോള്‍ ആട്ടുകല്ലില്ല. ഏറെ നേരം അത് തിരഞ്ഞു നടന്നു. ഒടുവില്‍ ഉത്തരത്തിലിരിക്കുന്നത് കണ്ടു. അന്തര്‍ജനം അതെടുത്ത് താഴെ വച്ച് അരിയാട്ടിയ ശേഷം തിരികെ ഉത്തരത്തില്‍ കയറ്റി വച്ചു.
നമ്പൂതിരിമാര്‍ തിരികെയെത്തി. വൈകീട്ട് അന്തര്‍ജനം അവര്‍ക്ക് പലഹാരം വിളമ്പി. അരി അരച്ചത് എങ്ങനെയെന്ന് തിരക്കിയ ഭര്‍ത്താവിനോട് ആട്ടുകല്ലെടുത്തു തന്നെയാണ് അരി അരച്ചതെന്നും അത് തിരികെ ഉത്തരത്തില്‍ വച്ചിട്ടുണ്ടെന്നും അന്തര്‍ജനം പറഞ്ഞു. തന്റെ ഭാര്യ തനിക്ക് അനുയോജ്യയാണെന്ന് മൂത്തനമ്പൂതിരിക്ക് ബോധ്യമായി.
















