കോണ്‍ഗ്രസ് എന്നത് അഴിമതിയുടെ പര്യായമായിട്ട് കാലമേറെയായി. നെഹ്രുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും അഴിമതി ചരിത്രം വിസ്തരിക്കുന്നില്ല. സോണിയയുടെയും മകന് രാഹുലിന്റെയും യുഗം പിറന്നതോടെ അഴിമതി ആചാരമായി. സോണിയ നയിച്ച യുപിഎ സര്‍ക്കാരിന്റെ കാലത്തെ ലോകം കണ്ട ഏറ്റവും വലിയ അഴിമതിയുടെയും കുംഭകോണങ്ങളുടെയും കെട്ടുനാറിയ സംഭവങ്ങള്‍ രാഷ്ട്രീയ ആരോപണമെന്ന് എഴുതിത്തള്ളാനാകില്ല. ഭരണഘടനാ സ്ഥാപനമായ സിഎജിയാണ് കുംഭകോണങ്ങളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറംലോകത്തെയറിയിച്ചത്. ഏഴര ലക്ഷം കോടിയാണ് കോണ്‍ഗ്രസും ഘടകകക്ഷികളും തട്ടിയെടുത്തത്. പല മന്ത്രിമാരും രാജിവച്ചു. ചിലര്‍ ജയിലിലുമായി. ഇതിനെതിരായ ജനവിധിയാണ് 2014 ല്‍ ഉണ്ടായത്. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉന്നയിക്കാന്‍ സാഹചര്യമുണ്ടാക്കിയില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസ് മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ ചുറ്റിപ്പറ്റി ആരോപണം ഉന്നയിച്ചത്. ഇതിനായി ഒരു ഡയറിക്കുറിപ്പും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
യെദ്യൂരപ്പ എഴുതിയതെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു മാഗസിന് പുറത്തുവിട്ട ഡയറി വ്യാജമെന്ന് ആദായനികുതി വകുപ്പ് മേധാവി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. വെള്ളിയാഴ്ച ഡയറി വലിയ ആയുധമാക്കിയ കോണ്‍ഗ്രസ് ഇപ്പോള്‍ മൗനത്തിലാണ്. ഇതോടൊപ്പം ഉയര്‍ന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഡി.കെ. ശിവകുമാര്‍ അടക്കമുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമായ മറുപടി നല്‍കുന്നുമില്ല. ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് ഡയറി കണ്ടെത്തിയെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം. പ്രധാനമായും എട്ടു ചോദ്യങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. എപ്പോഴാണ് ഡയറി ലഭിച്ചത്, ആരാണ് ഡയറി തന്നത്, എവിടെ വച്ചാണ് തന്നത്, ഇതിന്റെ ഒറിജിനല്‍ എവിടെ, എന്തുകൊണ്ട് ഇതുവരെ കര്‍ണാടക ലോകായുക്തയിലും ആന്റി കറപ്ഷന്‍ ബ്യൂറോയിലും പരാതി നല്‍കിയില്ല, 2013 മുതല്‍ സംസ്ഥാനത്ത് അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഇതുവരെ അന്വേഷണത്തിന് ഉത്തരവിട്ടില്ല, ഈ ഡയറി എങ്ങനെ ലഭിച്ചെന്ന് ഡി.കെ. ശിവകുമാര്‍ വിശദീകരിക്കാത്തത് എന്തുകൊണ്ട്, കോണ്‍ഗ്രസിന് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് പരാതി നല്‍കാമായിരുന്നു. എന്തുകൊണ്ട് ഇതുവരെ നല്‍കിയില്ല… എന്നീ ചോദ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ഉയര്‍ന്നെങ്കിലും ഒന്നിനും മറുപടിയില്ല. അതില്‍നിന്നു തന്നെ ബിജെപിയെ കരിവാരിത്തേക്കാന്‍ കോണ്‍ഗ്രസ് കെട്ടിച്ചമച്ചതാണ് ഡയറി എന്ന് വ്യക്തമായി.
കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറിയുടെ താളുകള്‍ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് കര്‍ണാടക, ഗോവ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇതിനകം വ്യക്തമാക്കി. ഡയറിയുടെ ഒറിജിനല്‍ ലഭിച്ചിട്ടില്ല. ലഭിച്ച പേജിന്റെ കോപ്പികള്‍ നേരത്തെ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ത്തന്നെ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നുവെന്നും അന്വേഷണ ഏജന്‍സിക്ക് വ്യക്തമായിട്ടുണ്ട്. പേജുകള്‍ക്ക് കൃത്യതയുണ്ടായിരുന്നില്ല. തുടര്‍ച്ചയായുള്ള തീയതികളിലായിരുന്നില്ല ഡയറി എഴുതിയിരുന്നത്. ഇത് വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതിനാലാണ് കൂടുതല്‍ അന്വേഷണം നടത്താതിരുന്നത്.
ഡയറികള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് നിരവധി കേസുകളില്‍ സുപ്രീംകോടതി ഉത്തരവുണ്ട്. 1991ലെ ജയിന് ഹവാല കേസിലാണ് ഡയറി, നോട്ട്ബുക്ക്, പേപ്പര്‍താളുകള്‍ എന്നിവയ്ക്ക് നിയമസാധുത ലഭിക്കില്ലെന്ന ഉത്തരവ് സുപ്രീംകോടതി ആദ്യമായി പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 2017 ആഗസ്തിലാണ് കോണ്‍ഗ്രസ് നേതാവ് ശിവകുമാറിന്റെ വീട്ടില്‍നിന്ന് ഡയറിയുടെ താളുകള്‍ കിട്ടിയത്. 2017 നവംബറില്‍ യെദ്യൂരപ്പയെ ചോദ്യം ചെയ്തു. തന്റെ കൈയക്ഷരവും കൈയൊപ്പും യെദ്യൂരപ്പ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതും ഡയറിയില്‍ കണ്ട കൈയൊപ്പുമാണ് ഹൈദരാബാദിലെ ലാബിലേക്കയച്ചത്. യെദ്യൂരപ്പയുടേതായി കോണ്‍ഗ്രസ് പ്രചരിപ്പിച്ച ഡയറി പിതൃശൂന്യമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഇത് സംബന്ധിച്ച് നടത്താന്‍ നിശ്ചയിച്ച വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത്. തുപ്പി ഓടുക എന്ന കോണ്‍ഗ്രസ് നിലപാട് അവര്‍ക്കുതന്നെ തിരിച്ചടിയാകാനാണ് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: