പാലക്കാട്: സിപിഎം വിഭാഗീതയുടെ കൊടും ചൂട് കാറ്റ് എക്കാലവും വീശിയടിച്ച ദേശമാണ് പാലക്കാട്. ഗ്രൂപ്പു തിരിഞ്ഞുള്ള പോരാട്ടങ്ങള്‍, വ്യക്തിപരമായ താത്പര്യങ്ങളുടെ ഏറ്റുമുട്ടലുകള്‍… അങ്ങിനെ സിപിഎമ്മിലെ ആശയപരവും അല്ലാത്തതുമായ ചേരിപ്പോരിന്റെ ചരിത്രത്തില്‍ പാലക്കാടിന് ഏറെ പ്രാധാന്യമുണ്ട്. 1998ലെ സിപിഎം സംസ്ഥാന സമ്മേളനത്തോടെയാണ് വിഭാഗീയത തലപൊക്കുന്നത്. സിപിഎമ്മിന്റെയും സിഐടിയുവിന്റെയും തലമുതിര്‍ന്ന നേതാക്കളായ കെ.എന്‍. രവീന്ദ്രനാഥ്, എം.എം. ലോറന്‍സ് അടക്കമുള്ളവരെ പിഴുതെറിഞ്ഞാണ് വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിയില്‍ ആധിപത്യം നേടിയത്.
1998ല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന് അന്തരിച്ചതിനെ തുടര്‍ന്നാണ് നായനാര്‍ മന്ത്രിസഭയില്‍ സഹകരണ, വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന് സംസ്ഥാന സെക്രട്ടറി പദത്തിലെത്തുന്നത്. പിണറായിയെ സംസ്ഥാന സെക്രട്ടറിയാക്കാനുള്ള തീരുമാനം ഉണ്ടായതും അച്യുതാനന്ദന്റെ നേതൃത്വത്തിലാണ്. പാല് കൊടുത്ത കൈക്കു തന്നെ കൊത്തുകയെന്ന പഴമൊഴി യാഥാര്‍ഥ്യമാക്കി ക്രമേണ പിണറായി വിജയന് അച്യുതാനന്ദന്റെ മുഖ്യശത്രുവായി.
ഇതോടെ പാലക്കാട്ടെ സിപിഎമ്മിലും ഗ്രൂപ്പിസം രൂക്ഷമായി. പാര്‍ട്ടി മുന്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം. ചന്ദ്രന്, മുന്‍ എംപി എന്‍.എന്‍. കൃഷ്ണദാസ്, എ. പ്രഭാകരന്, ഡിവൈഎഫ്ഐ നേതാക്കളായിരുന്ന എം.ആര്. മുരളി, ഗോകുല്‍ദാസ്, മുന്‍ എംപി എസ്. അജയകുമാര്‍, എം. നാരായണന് എന്നിവര്‍ വിഎസിനൊപ്പം അടിയുറച്ചുനിന്നു. പാലക്കാട് വിഎസ്സിന്റെ കോട്ടയായി.
അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി. ഉണ്ണി ഏറെക്കുറെ നിഷ്പക്ഷത പാലിച്ചിരുന്നെങ്കിലും പിണറായിയോടായിരുന്നു താത്പര്യം. ഗ്രൂപ്പിസത്തിന്റെ പേരില്‍ എം.ആര്. മുരളിയെയാണ് പാര്‍ട്ടിയില്‍ നിന്ന് ആദ്യം പുറത്താക്കിയത്. ജനകീയ വികസനസമതിയെന്ന സംഘടനക്ക് രൂപം നല്കിയ മുരളി 2010ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുനിസിപ്പല്‍ ചെയര്‍മാനായി.
ഇതേ അട്ടിമറിയാണ് ഒറ്റപ്പാലം നഗരസഭയിലും കണ്ണാടി ഗ്രാമപഞ്ചായത്തിലും ഉണ്ടായത്. ഒറ്റപ്പാലത്തും കണ്ണാടിയിലും സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടു.
പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുരളി ഷൊര്‍ണൂര്‍ മണ്ഡലത്തിലും, പിന്നീട് പാലക്കാട്ട് നിന്ന് ലോകസഭയിലേയ്ക്കും മത്സരിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഔദ്യോഗിക പക്ഷം പ്രതികാര നടപടികളും ആരംഭിച്ചു. എം.ചന്ദ്രനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും കൃഷ്ണദാസിനെയും അജയകുമാറിനെയും സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിക്ഷ നേതാവായപ്പോഴും അദ്ദേഹത്തിന്റ പ്രതിനിധിയെന്ന നിലയില്‍ സിഐടിയു നേതാവായ എ.പ്രഭാകരന് പാര്‍ട്ടിയില്‍ ആധിപത്യമുണ്ടാക്കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് മത്സരിച്ചേക്കില്ലെന്ന സൂചന വന്നപ്പോള്‍ പകരം പ്രഭാകരന്റെ പേരുയര്‍ന്നു. മണ്ഡലത്തിലെ പലയിടത്തും ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടു.
എന്നാല്‍ പിണറായി സംസ്ഥാന സെക്രട്ടറിയായതോടെ വിഎസ് അനുകൂലികളായ ഓരോരുത്തരെ നിശബ്ദരാക്കി. പിണറായിക്ക് പാര്‍ട്ടിയില്‍ പൂര്‍ണ ആധിപത്യം വന്നതോടെ വിഎസിനോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും ഒന്നിനുപുറകെ ഒന്നായി സ്ഥാനങ്ങളില്‍ നിന്നും തെറിച്ചു. കൃഷ്ണദാസും പാര്‍ട്ടിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്ത മുരളിയുമൊക്കെ വിധേയരായി കഴിയുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: