ഐഎസ്എല്‍ അഞ്ചാം സീസണ് കൊടിയിറങ്ങി. കാല്‍പ്പന്തുകളിയിലെ കാവ്യനീതിപോലെ അരങ്ങേറി രണ്ടാം സീസണില്‍ തന്നെ കിരീടം ചൂടി ബെംഗളൂരു എഫ്സി പറന്നു. സുനില്‍ ഛേത്രിയുടെയും ഉദാന്ത സിങ്ങിന്റെയും വെനസ്വേലന്‍ താരം മികുവിന്റെയും കരുത്തിലാണ് കിരീടം നേടിയത്. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഐഎസ്എല്‍ കലാശപ്പോരാട്ടത്തില്‍ എഫ്സി ഗോവയെ കീഴടക്കി. അധികസമയത്തേക്ക് നീണ്ട ഫൈനലില്‍ പ്രതിരോധനിരക്കാരന്‍ രാഹുല്‍ ബെക്കെയുടെ ഹെഡ്ഡര്‍ ഗോളാണ് ബെംഗളൂരു എഫ്സിക്ക് കിരീടം സമ്മാനിച്ചത്. ഐഎസ്എലിന്റെ ചരിത്രത്തില്‍ ഒരു ടീമും തുടര്‍ച്ചയായി രണ്ട് തവണ ഫൈനല്‍ കളിച്ചിട്ടില്ല. ആ ബഹുമതിയും ഇനി ബെംഗളൂരു എഫ്സിക്ക് സ്വന്തം.
കഴിഞ്ഞ സീസണിലും ഫൈനലില്‍ കളിച്ചെങ്കിലും കലാശപ്പോരാട്ടത്തില്‍ ചെന്നൈയിന് എഫ്സിയോട് കാലിടറി. ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് അവര്‍ തോല്‍വി വഴങ്ങിയത്. അതേസമയം ഗോവയ്ക്ക് രണ്ടാം ഫൈനലിലും റണ്ണറപ്പാവാനായിരുന്നു വിധി. 2015-ലാണ് ഗോവ ആദ്യ ഫൈനല്‍ കളിച്ചത്. ഗോവയിലെ ഫട്ടോര്‍ദ സ്റ്റേഡിയത്തില്‍ അന്ന് ചെന്നൈയിന് എഫ്സിയോട് 3-2ന് തോറ്റു.
ക്ലബ്ബ് രൂപം കൊണ്ട് ആറ് വര്‍ഷത്തിനിടെ സമാനതകളില്ലാത്ത നേട്ടങ്ങളാണ് ബെംഗളൂരു എഫ്സി ഇന്ത്യന്‍ കാല്‍പ്പന്തുകളി ലോകത്ത് സ്വന്തമാക്കിയത്. രണ്ട് ഐ ലീഗ്, മൂന്ന് ഫെഡറേഷന്‍കപ്പ്, ഒരു ഐഎസ്എല്‍, ഒരു സൂപ്പര്‍ കപ്പ് കിരീടം എന്നിവ സ്വന്തമാക്കി. 2013 ജൂലൈയിലാണ് ബെംഗളൂരു എഫ്സി രൂപം കൊണ്ടത്. ആ സീസണില്‍ തന്നെ ഐ ലീഗില്‍ കളിച്ച് കിരീടം നേടി അവര്‍ വരവറിയിച്ചു. കൊല്‍ക്കത്തന്‍ ടീമുകളായ മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും ഗോവന്‍ ക്ലബ്ബുകളായ ഡെംപോയും ചര്‍ച്ചില്‍ ബ്രദേഴ്സും സാല്‍ഗോക്കറും ഇന്ത്യന്‍ ഫുട്ബോള്‍ അടക്കി വാഴുമ്പോള്‍ ബെംഗളൂരുവിന്റെ വരവ് അത്ര സുഖകരമാവുമെന്ന് ആരും വിചാരിച്ചിരുന്നില്ല. എന്നാല്‍ ആ സീസണില്‍ വിഖ്യാത ഇന്ത്യന്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയുടെ കരുത്തില്‍ ഐ ലീഗ് കിരീടം നേടി.
2014-15 സീസണില്‍ കിരീടം കൈവിട്ടെങ്കിലും രണ്ടാം സ്ഥാനക്കാരായി. ഒപ്പം ഫെഡറേഷന് കപ്പില്‍ ആദ്യ കിരീടവും നേടി. 2015-16-ല്‍ ഐ ലീഗില്‍ വീണ്ടും ബെംഗളൂരുവിന്റെ കിരീടധാരണം. ഒപ്പം എഎഫ്സി കപ്പ് ഫുട്ബോളില്‍ ഫൈനലില്‍ കളിച്ചെങ്കിലും ഇറാഖ് ക്ലബ്ബ് അല്‍ ഖ്വാവിയ അല്‍ ജാവിയ ടീമിനോട് പരാജയപ്പെട്ട് റണ്ണറപ്പായി. എങ്കിലും ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന റെക്കോഡും ബെംഗളൂരുവിന് സ്വന്തമായി. 2016-17 ഐ ലീഗ് സീസണില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഫെഡറേഷന് കപ്പ് രണ്ടാം തവണയും സ്വന്തമാക്കാനായി. 2017-18- ഐ ലീഗില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായി ബെംഗളൂരു എഫ്സി മാറി. ആ വര്‍ഷത്തെ ഫെഡറേഷന് കപ്പും ബെംഗളൂരുവിന് സ്വന്തം. കളിച്ച അഞ്ച് സീസണുകളില്‍ മൂന്ന് ഫെഡറേഷന് കപ്പ് കിരീടമാണ് ബെംഗളൂരു നേടിയത്.
ഐഎസ്എല്‍ അഞ്ചാം സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബെംഗളൂരുവും എഫ്സി ഗോവയും കാഴ്ചവെച്ചത്. പ്രാഥമിക ഘട്ടത്തില്‍ രണ്ട് ടീമുകളും 18 കളികളില്‍ നിന്ന് 10 ജയവും നാല് സമനിലയും നാല് തോല്‍വികളുമായി 34 പോയിന്റ് നേടി ഒന്നും രണ്ടും സ്ഥാനത്തെത്തി. സെമിയില്‍ ബെംഗളൂരു നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയപ്പോള്‍ ഗോവ മുംബൈ സിറ്റി എഫ്സിയെയാണ് തകര്‍ത്തത്. ആദ്യ പാദ സെമിയില്‍ ബെംഗളൂരു 2-1ന് തോറ്റെങ്കിലും ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ രണ്ടാം പാദത്തില്‍ 3-0ന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് ഫൈനലിലേക്ക് കുതിച്ചത്. ഗോവയാകട്ടെ ആദ്യപാദത്തില്‍ നേടിയ 5-1ന്റെ വിജയക്കരുത്തിലും. ഗോവയില്‍ നടന്ന രണ്ടാം പാദത്തില്‍ 1-0ന് മുംബൈയോട് എഫ്സി ഗോവ തോറ്റെങ്കിലും ഇരുപാദങ്ങളിലുമായി 5-2ന്റെ വിജയമാണ് ഗോവ നേടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീം എഫ്സി ഗോവയാണ്. 21 കളികളില്‍ നിന്ന് 41 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ വഴങ്ങിയത് 23 എണ്ണം മാത്രം. 20 കളികളില്‍ നിന്ന് 16 ഗോളുകളുമായി ടോപ്സ്കോറര്‍ക്കുള്ള സ്വര്‍ണ്ണപാദുകവും ഗോവയുടെ കൊറോമിനാസ് നേടി. ടൂര്‍ണമെന്റിന്റെ താരവും കൊറോമിനാസാണ്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള സ്വര്‍ണ്ണ ഗ്ലൗ നേടിയത് ബെംഗളൂരുവിന്റെ ഗുര്‍പ്രീത് സിങ് സന്ധുവാണ്. സീസണില്‍ ഏറെ നിരാശ സമ്മാനിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ സഹല്‍ അബ്ദുള്‍ സമദിനാണ് എമര്‍ജിങ് പ്ലെയര്‍ക്കുള്ള അവാര്‍ഡ്.
ഇനി ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് അല്പം. അഞ്ച് വര്‍ഷത്തെ ഐഎസ്എല്‍ സീസണില്‍ രണ്ട് തവണ ഫൈനല്‍ കളിച്ചവരാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍ രണ്ട് തവണയും എടികെയ്ക്ക് മുന്നില്‍ തോറ്റു. ഇൗ സീസണിലും തുടക്കം ഉജ്ജ്വലമായിരുന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എടികെയെ 2-0ന് തോല്‍പ്പിച്ച് തകര്‍പ്പന്‍ തുടക്കം. ആ നിലവാരം തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിലനിര്‍ത്താനായില്ല. കോച്ച് ഡേവിഡ് ജെയിംസിന് മികച്ചൊരു വിന്നിങ്ങ് ഇലവനെ കണ്ടെത്താനായില്ലെന്നു മാത്രമല്ല കളിക്കാരുമായി നല്ല സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞില്ല. 18 മത്സരങ്ങളില്‍ രണ്ട് വിജയവും 9 സമനിലയും ഏഴ് തോല്‍വിയുമടക്കം 15 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് എത്തിയത്. ഇടയ്ക്ക് ഡേവിഡ് ജെയിംസിനെ പുറത്താക്കി നെലോ വിന്‍ഗാദയെ പരിശീലക കുപ്പായം ഏല്‍പ്പിച്ചെങ്കിലും തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞില്ല. ടീമിലെ പടലപിണക്കവും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. വിനീത് ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ ക്ലബ് വിടുകയും ചെയ്തു. സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റാണ് ബ്ലാസ്റ്റേഴ്സ് സീസണ് അവസാനിപ്പിച്ചത്. ഈ സീസണില്‍ ഏറ്റവും പിന്നില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സി.
ഇന്ത്യന്‍ ഫുട്ബോളില്‍ യഥാര്‍ത്ഥ പ്രൊഫഷണലിസം കണ്ടുതുടങ്ങിയത് ബെംഗളൂര് എഫ്സിയിലൂടെയാണ്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ബെംഗളൂരുവിനായി ആര്‍ത്തുവിളിക്കാനെത്തുന്ന വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന ആരാധകക്കൂട്ടത്തെ നിരാശപ്പെടുത്താതെ, അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്ന് കിരീടം നേടാനായി. എന്നാല്‍ ബ്ലാസ്റ്റേഴ്സ്, മഞ്ഞപ്പടയെന്ന ആരാധകക്കൂട്ടായ്മയുടെ പിന്തുണയുണ്ടായിട്ടും മൈതാനത്ത് കളി മറക്കുന്നവരായി മാറി. ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ഐഎസ്എല്ലിലെ മറ്റു ടീമുകള്‍ക്ക് എങ്ങനെയാണ് ഒരു പ്രൊഫഷണല്‍ ക്ലബ്ബ് നടത്തേണ്ടെതെന്ന് പഠിക്കാനുള്ള നല്ലൊരു പാഠപുസ്തകം കൂടിയാണ് ബെംഗളൂരു എഫ്സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: