സിംല: തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കാന്‍ മിക്ക സംസ്ഥാനങ്ങളിലും അതാതു തെരഞ്ഞെടുപ്പു കമ്മീഷനുകള്‍ ചലച്ചിത്ര താരങ്ങളേയും മറ്റും രംഗത്തിറക്കിക്കഴിഞ്ഞു. എന്നാല്‍, ഹിമാചല്‍ പ്രദേശ് ഇക്കാര്യത്തില്‍ വേറിട്ട സമീപനമാണ് സ്വീകരിച്ചത്.
നൂറു വയസ്സു പിന്നിട്ട മുതുമുത്തച്ഛന്മാരാണ് ഇവിടെ ചെറുപ്പക്കാരോടു സംസാരിക്കുക. നൂറു വയസ്സു പിന്നിട്ട 1011 വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ടെന്നാണ് കമ്മീഷന്റെ കണക്ക്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍, മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ വോട്ടു ചെയ്ത ശ്യാം സരണ്‍ നേഗി ഇന്നോളം വോട്ടു ചെയ്യാതിരുന്നിട്ടില്ല. ഇപ്പോള്‍ പ്രായം 101. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, മെയ് 19ന് വോട്ടു ചെയ്യും എന്നതില്‍ നേഗി അപ്പൂപ്പനു സംശയവുമില്ല. കിന്നൗറിലെ കല്‍പ്പ നിവാസിയായ നേഗി റിട്ടയേഡ് അധ്യാപകനാണ്. 1951ലെ തെരഞ്ഞെടുപ്പു വിശേഷങ്ങള്‍ ഇപ്പോഴും ചുറുചുറുക്കോടെ വിവരിക്കും ഇദ്ദേഹം.
നൂറു കഴിഞ്ഞ ആയിരത്തിലേറെപ്പേരെ റോള്‍ മോഡലുകളായി പ്രഖ്യാപിച്ചാണ് വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസ്ഥാന തെരഞ്ഞടുപ്പു കമ്മീഷന്‍ ബോധവത്കരണം നടത്തുക.
















