ന്യൂദല്‍ഹി: നാല്‍പ്പത്തിമൂന്നു ലോക രാജ്യങ്ങളിലായി 1236 ശാഖകളാണ് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിനുള്ളതെന്ന് അഖിലഭാരതീയ പ്രതിനിധിസഭയില്‍ അവതരിപ്പിച്ച വിശ്വവിഭാഗിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കരീബിയന്‍ രാജ്യങ്ങളില്‍ 34 ശാഖകളും അമേരിക്കയില്‍ 194 ശാഖകളും യുകെയില്‍ 88 ശാഖകളുമുണ്ട്. ശ്രീലങ്കയില്‍ 48, മ്യാന്മാറില്‍ 95, ഓസ്‌ട്രേലിയയില്‍ 36 എന്നിങ്ങനെയാണ് മറ്റു ലോകരാജ്യങ്ങളിലെ ശാഖകളുടെ എണ്ണം.
വിവിധ രാജ്യങ്ങളിലായി 21 പ്രചാരകന്മാരാണ് സംഘപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. വിവിധ രാജ്യങ്ങളിലായി നടന്ന 94 പരിശീലന വര്‍ഗുകളില്‍ 1643 സ്വയംസേവകരും 688 സേവികമാരും പങ്കെടുത്തു. സാംബിയ, എത്യോപ്യ, സെയ്‌റ ലോണ്‍ എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ വര്‍ഷം പുതിയ ശാഖകള്‍ ആരംഭിച്ചത്.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സഹസര്‍കാര്യവാഹുമാരായ ദത്താത്രേയ ഹൊസബളെ, ഡോ. മന്‍മോഹന്‍ വൈദ്യ തുടങ്ങിയ സംഘ കാര്യകര്‍ത്താക്കള്‍ വിവിധ രാജ്യങ്ങളിലെ സംഘപരിപാടികളില്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്തു. അന്താരാഷ്‌ട്ര യോഗാ ദിനാചരണം, രക്ഷാബന്ധന്‍, സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികം, വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് തുടങ്ങിയ വിവിധ പരിപാടികളില്‍ ഹിന്ദു സ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ നേടി.
സേവാ ഇന്റര്‍നാഷണല്‍ 25 രാജ്യങ്ങളിലാണ് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അമേരിക്കയിലെ പ്രകൃതിക്ഷോഭങ്ങളില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ അടക്കം ഗ്രാന്റുകള്‍ ലഭിച്ചിട്ടുണ്ട്.
















