ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പതൊമ്പത് വര്‍ഷത്തെ ചരിത്രം തിരുത്താന്‍ ഇന്ത്യന്‍ താരങ്ങളായ സൈനയും സിന്ധുവും ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തില്‍ സിന്ധു കൊറിയയുടെ സങ് ജി ഹ്യുനിനെയും സൈന സ്‌കോട്‌ലന്‍ഡ് താരം ക്രിസ്റ്റി ഗില്‍മറിനെയും നേരിടും.
2001ല്‍ പുല്ലേല ഗോപിചന്ദാണ് അവസാനമായി ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ താരം. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ലുഎഫ്) റാങ്കിങ് പ്രകാരം ആദ്യ മുപ്പത്തിരണ്ടു സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത. സൈനക്കും സിന്ധുവിനും പുറമെ പുരുഷതാരം കെ. ശ്രീകാന്തും ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഫ്രഞ്ച് താരം ബ്രൈസ് ലിവര്‍ഡസുമായാണ് ശ്രീകാന്തിന്റെ ആദ്യ പോരാട്ടം.
ഗില്‍മറുമായി ആറു തവണ ഏറ്റുമുട്ടിയിട്ടുള്ള സൈന സമ്പൂര്‍ണ വിജയം നേടിയിട്ടുണ്ട്. മറുവശത്ത് പതിനാല് മത്സരങ്ങളില്‍ സങ് ജിയുമായി ഏറ്റുമുട്ടിയ സിന്ധു എട്ടു ജയം നേടി. ആറു തവണ കൊറിയന്‍ താരവും വിജയിച്ചു. പോരാട്ടം കടുത്തതാണെന്നും ആദ്യ മത്സരം വിജയിക്കുകയാണ് നിലവിലെ ലക്ഷ്യമെന്നും സിന്ധു പ്രതികരിച്ചു.
















